ബിനോയ് കോടിയേരിക്കെതിരെ ലൈംഗികപീഡനക്കേസ്; നടപടി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകനും ചലച്ചിത്ര നടനുമായ ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ ലൈംഗികപീഡനക്കേസ്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ നല്‍കിയ പരാതിയിലാണ് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തത്. ദുബയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയില്‍ എഫ്.ഐ.ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനോയിക്കെതിരെ ഐ.പി.സി സെക്ഷന്‍ 376, 376(2), 420, 504, 506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്.
ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് അവിടെവെച്ചാണ് തന്നെ പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പിന്നീട് ലൈംഗികമായി ചൂഷണംചെയ്യുകയുമായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ ബന്ധത്തില്‍ 2010ല്‍ കുഞ്ഞ് ജനിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പുനല്‍കുകയും ചെയ്തു. 2010 ല്‍ അന്ധേരിയില്‍ ഫഌറ്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിപ്പിച്ചു. പിന്നീട് ബിനോയ് പതിവായി ഇവിടെ വന്നുപോകും. എല്ലാമാസവും പണം അയച്ചുതരുമായിരുന്നു. എന്നാല്‍ 2015 ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയതെന്നും 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് അറിയുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും യുവതി മൊഴിനല്‍കിയതായി എഫ്.ഐ.ആറില്‍ ഉണ്ട്.
അതേസമയം, ആരോപണം ബിനോയ് നിഷേധിച്ചു. യുവതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും ഇതുസംബന്ധിച്ച് താന്‍ പൊലിസിനു നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."