മുക്കത്തെ സ്നേഹശില്‍പവും എസ്.കെ പൊറ്റെക്കാട്ടിന്റെ ഛായാചിത്രവും അവഗണനയില്‍; പ്രതിഷേധവുമായി ശില്പി
മുക്കം: ആറുവര്‍ഷം മുന്‍പ് മുക്കത്തു സ്ഥാപിച്ച സ്നേഹശില്‍പവും 'നാടന്‍ പ്രേമ'മെന്ന തന്റെ ആദ്യ നോവലിലൂടെ മുക്കത്തിന്റെ നാമം ലോകത്തെ അറിയിച്ച എസ്.കെ പൊറ്റെക്കാട്ടെന്ന സഞ്ചാര സാഹിത്യകാരന്റെ ഛായാചിത്രവും അവഗണനയില്‍.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ശില്‍പ്പിയും ചിത്രകാരനുമായ ആര്.കെ പൊറ്റശ്ശേരിയാണു ശില്പങ്ങള് നിര്‍മിച്ചത്. എന്നാല്‍, ശില്പിയെ പോലും അപമാനിക്കുന്ന തരത്തില്‍ അനാഥമായി കിടക്കുന്ന സ്നേഹശില്‍പവും ഛായാചിത്രവും യഥാസ്ഥാനത്തു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആര്.കെ പൊറ്റശ്ശേരി രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് മുക്കത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം വികാരാധീനനായി.
സംസ്ഥാനപാതാ നവീകരണത്തിന്റെ ഭാഗമായാണു സ്നേഹശില്പം പൊളിച്ചുമാറ്റിയത്. റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞാല്‍ ശില്പം യഥാസ്ഥാനത്തു പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, മാസങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ശില്പം അവഗണനയില്‍ തന്നെയാണ്. ഇപ്പോള്‍ നഗരസഭാ ചെയര്‍മാനായ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കാലത്താണ് എസ്.കെയുടെ ഛായാചിത്രം സ്ഥാപിച്ചത്.
ശില്പത്തോടും ഛായാചിത്രത്തോടും തുടരുന്ന അവഗണനയില്‍ ആര്.കെ പൊറ്റശ്ശേരി പ്രതിഷേധിച്ചു. നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ക്കും വിഷയത്തില്‍ താല്പര്യമുണ്ടെങ്കിലും ഇവര്‍ ആരെയോ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുക്കത്തെ സാംസ്കാരിക പ്രവര്‍ത്തകരും കലാകാരന്മാരും വിഷയത്തില്‍ മൗനത്തിലാണെന്നും ആര്.കെ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."