സംസ്ഥാന പാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടക്കല്‍ നാടകം
മുക്കം: പൊട്ടിപ്പൊളിഞ്ഞ് കാല്‍നട പോലും ദുഷ്കരമായ കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടക്കല്‍ നാടകം.
മുക്കം മുതല്‍ എരഞ്ഞിമാവ് വരെയുള്ള ഏഴു കിലോമീറ്റര്‍ റോഡില്‍ അടച്ച കുഴികളെല്ലാം ഒരാഴ്ചക്കകം തന്നെ പഴയ രീതിയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി തിടുക്കത്തില്‍ നടത്തിയ കുഴിയടക്കല്‍ പ്രഹസനമായിരുന്നു ഇതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡില്‍ രൂപപ്പെട്ട വലിയ കുഴികളില്‍ ബോളര്‍ മാത്രമിട്ട് അതിന് മുകളില്‍ പേരിന് മാത്രം ടാറുമൊഴിച്ച് അധികൃതര്‍ തടിയൂരുകയായിരുന്നു. ചെറിയ കുഴികള്‍ പല സ്ഥലത്തും അടക്കാനും തയാറായില്ല. അധിക ലോഡുമായി നൂറു കണക്കിന് ടിപ്പര്‍ ലോറികള്‍ ഇടതടവില്ലാതെ ചീറിപ്പായുന്ന റോഡിലാണ് ഈ കുഴിയടക്കല്‍ നാടകം നടന്നത്. ടിപ്പറുകള്‍ കുതിച്ചു പായുമ്പോഴുള്ള ശക്തമായ പ്രകമ്പനം മൂലം റോഡില്‍ പാകിയ ബോളറുകള്‍ ഇളകാന്‍ തുടങ്ങിയിട്ടുണ്ട്. ലക്ഷങ്ങള്‍ ചിലവഴിച്ച് നടപ്പാക്കിയ പ്രവൃത്തികഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ റോഡ് പൊളിയാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."