കാരപറമ്പ് ഗവ. ഹൈസ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ
കോഴിക്കോട്: കാരപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മള്‍ട്ടിപര്‍പ്പസ് ബില്‍ഡിങ്ങിന്റെ ശിലാസ്ഥാപനവും നാളെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന കാഴ്ചപ്പാടോടെ സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് കോഴിക്കോട് നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ പ്രിസം പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നടക്കാവ് ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ്, കാരപറമ്പ് ഗവ. എച്ച്.എസ്.എസ്, മെഡിക്കല്‍ കോളജ് കാംപസ് ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കാരപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി നിര്‍മിച്ച രണ്ട് ബ്ലോക്കിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പ്രിസം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 2010ല്‍ അനുവദിച്ച അഞ്ചു കോടി രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള രണ്ടു കോടി രൂപയും ചെലവഴിച്ചാണ് സ്‌കൂള്‍ വികസിപ്പിക്കുന്നത്.
സ്‌കൂളില്‍ നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. രമ, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.കെ അജിതകുമാരി, പി.ടി.എ പ്രസിഡന്റ് പി.വി ജബ്ബാര്‍, പ്രിസം കോഡിനേറ്റര്‍മാരായ പി.ആര്‍ പ്രസന്ന, കെ.കെ കുഞ്ഞഹമ്മദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."