'മക്കളില്ലാത്ത എന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കുക ഒരു മുസല്‍മാന്‍'- ടി പത്മനാഭന്‍
ആലപ്പുഴ: മക്കളില്ലാത്തതിനാല്‍ മരണ ശേഷം തന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും അന്ത്യ കര്‍മങ്ങള്‍നിര്‍വഹിക്കാനും ഒരു മുസ്‌ലിമിനെ ചുമതലപ്പെടുത്തിയതായി കഥാകൃത്ത് ടി പത്മനാഭന്‍. ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയിലൊഴുക്കിയതും ബലിതര്‍പ്പണം നടത്തിയതും കീഴ്ജാതിക്കാരെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയസ്സ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസ്സില്‍ യൗവനമുണ്ട്. സ്വാതന്ത്ര്യസമരം കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ് ഞാനൊക്കെ. കരയില്‍ ഇരുന്ന് കണ്ടതല്ല. ഇന്നുനമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. അടുത്തിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഓര്‍ക്കണം. രാജ്യം ഭരിക്കുന്നവര്‍ തന്നെ ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി വിദ്വേഷം അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ പേരിനൊപ്പം ജാതി വാല്‍ ചേര്‍ക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."