വടകര നഗരം കൂരിരുട്ടില്‍; പ്രതിഷേധമായി ഇന്ന് യു.ഡി.എഫ് ധര്‍ണ
വടകര: നഗരസഭാ പരിധിയില്‍ തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് രാവിലെ 10ന് നഗരസഭാ ഓഫിസിനു മുന്നില്‍ യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും.
ഒരു വര്‍ഷത്തോളമായി നഗരത്തിലെ ഭൂരിഭാഗം തെരുവു വിളക്കുകളും കത്തുന്നില്ല. കടകളില്‍ നിന്നുള്ള വെളിച്ചം ഓഫ് ചെയ്താല്‍ നഗരം കൂരിരുട്ടിലാവുന്നു. സാമൂഹ്യ വിരുദ്ധര്‍ ഇത് മുതലെടുക്കുകയും ചെയ്യുന്നുണ്ട്. തെരുവു വിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് നഗരത്തിലെ വ്യാപരികളും പൊലിസും പൊതുജനങ്ങളും മാസങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. നഗരസഭാ ചെയര്‍മാന്‍ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ല. കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യിക്കുന്നതില്‍ നഗരഭരണകൂടം പൂര്‍ണ്ണ പരാജയമാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
കെടുകാര്യസ്ഥത മൂലം വികസന ഫണ്ട് ചെലവഴിക്കാത്തതിനാല്‍ 3 കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ഫണ്ടില്ലാത്തതിനാല്‍ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുമ്പോള്‍ തന്നെയാണിത്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. യോഗത്തില്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ടി കേളു അധ്യക്ഷനായി. എം.സി ഇബ്രാഹിം, പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ. കെ.കെ മഹമൂദ്, പി. സഫിയ, എം. സുരേഷ് ബാബു, നഫ്‌സല്‍ എന്‍.പി.എം, പി.കെ ജലാലുദ്ദീന്‍, പി. രജനി, പി.വി മുഹമ്മദ് റാഫി, അജിത ചീരാംവീട്ടില്‍, കെ.എം ബുഷ്‌റ സംസാരിച്ചു. പി.എം മുസ്തഫ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."