മെക്കാഡം ടാറിങിന് തടസം
കൂത്തുപറമ്പ്: കിണവക്കലിനടുത്ത് കപ്പാറ മുതല്‍ അഞ്ചരക്കണ്ടി റോഡിലെ ചാമ്പാട് വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിങ്നടത്തുന്നതിന്റെ മുന്നോടിയായി പുതുതായി നിര്‍മിച്ച കലുങ്കിനോട് ചേര്‍ന്ന് ഓവുചാലുകളുടെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.വെള്ളപ്പന്തല്‍ ഭാഗത്താണ് ഓവുചാലുകളുടെ നിര്‍മാണം ആരംഭിച്ചത്. അതേ സമയം, മെക്കാഡം ടാറിങ് പ്രവൃത്തി ഡിസംബര്‍ മാസത്തോടെ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
ടാറിങിന് ഉപയോഗിക്കുന്ന മെറ്റലുകളുടെ ക്ഷാമമാണ് ഇതിന് കാരണമായി പറയുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ കപ്പാറ മുതല്‍ വെള്ളപ്പന്തല്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തെ ടാറിങ് പ്രവൃത്തി ഇക്കഴിഞ്ഞ മെയ് മാസാവസാനത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് പ്രവൃത്തി മുടങ്ങുകയായിരുന്നു.ഇതിനിടെ മൂന്നു കലുങ്കുകള്‍ നിര്‍മിച്ചിരുന്നു. മഴ മാറിയിട്ടും പ്രവൃത്തി നടത്താതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കി.ഇതിനിടെയാണ് കഴിഞ്ഞ ദിവസം കലുങ്കുകള്‍ക്ക് സമീപം ഓവുചാലുകള്‍ നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. കാലവര്‍ഷത്തില്‍ വ്യാപകമായി പലേടത്തും റോഡ് തകര്‍ന്നതോടെ ഇതിന്റെ പ്രവൃത്തി ആരംഭിച്ചതിനാണ് മെറ്റലുകള്‍ക്ക് ക്ഷാമം നേരിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."