വായനയുടെ സര്‍ഗാത്മകത
നമ്മുടെ കാലം കാഴ്ചയുടേതാണ്. ഇന്ന് വായനയില്‍ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും വായിച്ചുകൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്‌കാരം മാറുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ വായനാദിനം പ്രസക്തമാണ്. മലയാളിയുടെ വായനാശീലത്തിന് വലിയ സംഭാവന നല്‍കിയ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി നാം കൊണ്ടാടുന്നത്. ഇന്നുമുതല്‍ 25 വരെ ഗ്രന്ഥശാലകള്‍ മാത്രമല്ല സ്‌കൂള്‍ തലത്തിലും വായനാവാരമായി ആഘോഷിക്കുന്നു.
1945ലാണ് പി.എന്‍ പണിക്കര്‍ കേരളത്തില്‍ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചത്. ഗ്രന്ഥശാലകളെ അറിവിന്റെ കേന്ദ്രങ്ങളാക്കി അദ്ദേഹം മാറ്റി. അറിവിന്റെയും കൂട്ടായ്മയുടെയും വഴിയിലൂടെ സംസ്‌കൃതചിത്തരായ ഒരു ജനതയെ വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം. അമ്പലപ്പുഴയിലെ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ പണിക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്. അന്നത്തെ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ യോഗം ഉദ്ഘാടനം ചെയ്തു. അതിനു മുന്‍പ് 1926ല്‍ പതിനേഴാമത്തെ വയസില്‍ ജന്മനാടായ നീലംപേരൂരില്‍ അദ്ദേഹം സനാതന ധര്‍മം എന്ന പേരില്‍ വായനശാല തുടങ്ങിയിരുന്നു. 1970 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കാസര്‍കോട് മുതല്‍ പാറശാല വരെ കാല്‍നടയായി യാത്ര ചെയ്ത് വായനയുടെ പ്രാധാന്യം അദ്ദേഹം മലയാളികളെ ബോധ്യപ്പെടുത്തി. അതിന്റെ ഫലമായാണ് നാലായിരത്തിലധികം ഗ്രന്ഥശാലകള്‍ കേരളത്തില്‍ രൂപംകൊണ്ടത്.
ഭാഷ ഒരു സംസ്‌കാരമാണ് എന്ന് വിശേഷിപ്പിക്കുന്നതുപോലെ വായനയെ നമുക്ക് സംസ്‌കാരം എന്നു തന്നെ പേരിട്ടു വിളിക്കാം. മാറ്റത്തെ വിഭാവനം ചെയ്യുന്ന മനഃസംസ്‌കാരമാണ് വായന. പഴയതിനെ നവീകരിക്കുകയും പുതിയതിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു വായന. ഇത് ഒരു സര്‍ഗാത്മകമായ കര്‍മമാണ്. എഴുത്തുകാരന്റെ ചിന്ത വായനക്കാരന്‍ അയാളുടെ ചിന്തയാക്കി മാറ്റുന്നു എന്നതാണ് വായനക്കാരന്റെ സര്‍ഗാത്മക ദൗത്യം. ശരീരത്തിന് വ്യായാമം വേണമെന്നതുപോലെ മനസിനും വ്യായാമം കൂടിയേ തീരൂ. മനസിനു നല്‍കുന്ന വ്യായാമമാണ് വായന. വായന മനസിന്റെ അകത്തളങ്ങളിലേക്ക് പുതിയ അനുഭവങ്ങളെയും ആശയങ്ങളെയും ആനയിക്കുന്നു. അതുവഴി മനസിന് ആനന്ദവും ആസ്വാദനവും ലഭിക്കുന്നു.
നല്ലതു വായിക്കുമ്പോഴാണ് വായനയുടെ യഥാര്‍ഥ ഗുണഫലം അനുഭവിക്കാന്‍ കഴിയുന്നത്. ഒരു രസത്തിനു വേണ്ടിയുള്ള വായന ഒരു പരിധിവരെ ആവാം. പക്ഷേ, രസത്തിനു വേണ്ടി മാത്രമാവരുത്, വിജ്ഞാനവും സംസ്‌കാരവും നേടാന്‍ കൂടിയാവണം വായന. ഓരോ വായനയിലും അറിവിന്റെ ഒരംശമെങ്കിലും നമുക്കു ലഭ്യമാവണം. അല്ലെങ്കില്‍ വായന വ്യര്‍ഥമാകും. എത്ര വായിച്ചു എന്നതല്ല, എന്ത് വായിച്ചു എന്നതാണ് പ്രധാനം. ഇവിടെയാണ് വായനശാലയുടെ, ഗ്രന്ഥാലയങ്ങളുടെ, അവര്‍ വായനയ്ക്ക് തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ പ്രസക്തി. വര്‍ത്തമാനകാല സമൂഹം വായനാവിമുഖരാണ്. ഒരുകാര്യം അനിഷേധ്യമാണ്. വായനാശീലം ഒരു സിദ്ധിയാണ്. ഈ സര്‍ഗസിദ്ധി ബാല്യത്തിലേ വളര്‍ത്തിയെടുത്താല്‍ ജീവിതാവസാനം വരെ നിലനില്‍ക്കും. ജീവിത വിജയത്തിന് വഴിയൊരുങ്ങും. വായനയിലൂടെ നാം നേടിയെടുക്കുന്ന വിജ്ഞാനം നമ്മുടെ അജ്ഞത നീക്കുമെന്നു മാത്രമല്ല അതു മറ്റുള്ളവര്‍ക്കു നല്‍കുംതോറും വര്‍ധിക്കുകയും ചെയ്യും. ജീവിതത്തെ മഹത്വവല്‍കരിക്കുന്ന വഴികളില്‍ പ്രധാനമാണ് നല്ലൊരു വായനക്കാരനായി മാറുക എന്നത്. വായന ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും അത് വഴി തലമുറകളെ തന്നെയും മാറ്റിത്തീര്‍ക്കും.
വായന മഹാന്മാരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നു നോക്കാം. ജോര്‍ജ് വാഷിങ്ടന്റെ ആത്മകഥ എബ്രഹാം ലിങ്കണ്‍ പതിവായി വായിച്ചിരുന്നു. അണ്‍ ടു ദ ഫാസ്റ്റ് എന്ന റസ്‌കിന്റെ പുസ്തകം മഹാത്മജി പലവട്ടം വായിച്ചിട്ടുണ്ട്. കൈയില്‍ പടവാളും കീശയില്‍ ഹോമറുടെ കൃതിയുമുണ്ടെങ്കില്‍ ഞാനീ ലോകം മാറ്റിമറിക്കുമെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പ്രഖ്യാപിച്ചതും വായനയുടെ മഹത്വം എടുത്ത് കാണിക്കുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഉറങ്ങുമ്പോള്‍ ഒരു കഠാരയും ഒരു പെട്ടിയും തലയണക്കിടയില്‍ വയ്ക്കുമായിരുന്നുവത്രെ. അച്ഛന്‍ ഫിലിപ്പ് രാജാവ് ഓര്‍ക്കാപ്പുറത്ത് കൊല്ലപ്പെട്ടതുകൊണ്ടാണ് കഠാര സൂക്ഷിക്കുന്നത്. പേര്‍ഷ്യയിലെ രാജാവ് ദാരിയില്‍നിന്ന് പിടിച്ചെടുത്ത പെട്ടിയില്‍ ഒരു അമൂല്യ ഗ്രന്ഥവും സൂക്ഷിച്ചിരുന്നു. ഹോമറുടെ ഇലിയഡ് എന്ന ഇതിഹാസകാവ്യമായിരുന്നു അലക്‌സാണ്ടര്‍ പ്രചോദനത്തിനായി സൂക്ഷിച്ചിരുന്നത്.
വായിക്കാനുള്ള ആഗ്രഹം പഠിക്കാനുള്ള ആഗ്രഹത്തിന്റെ പ്രേരണയാണ്. അത് അന്വേഷണ തൃഷ്ണയുടെ ഭാഗമാണ്. അതിനു പ്രായം തടസമല്ല. ഐസക് ന്യൂട്ടണ്‍ 75 വയസ് കഴിഞ്ഞാണ് ക്രോണോളജി പഠിച്ചത്. ഒലിവര്‍ വെണ്ടല്‍ 93 വയസിലാണ് പ്ലാറ്റോയുടെ റിപ്പബ്ലിക് വായിച്ചത്. വായന മരിക്കുന്നു എന്ന് വ്യാകുലപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒന്നു പറഞ്ഞോട്ടെ, വായന തലചുറ്റി വീഴുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു എന്നത് നേരാണ്. വായന പക്ഷേ മരിക്കില്ല. നിലനില്‍ക്കും. ലോകാവസാനം വരെ. വായിക്കാന്‍ ആഹ്വാനം നല്‍കി അവതരിച്ച വിശുദ്ധ ഖുര്‍ആന്റെ പ്രസക്തി സാന്ദര്‍ഭികമായി സ്മരിച്ചോട്ടെ. മാറ്റങ്ങളില്ലാതെ വെട്ടിത്തിരുത്തലുകളില്ലാതെ ഈ വിശുദ്ധ ഗ്രന്ഥവും നിലനില്‍ക്കും. ലോകാവസാനം വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."