പൊലിസിലെ ഏമാന്‍മാരുടെ മാനസിക പീഡനങ്ങള്‍
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അവര്‍ ഇവിടെ ഉപേക്ഷിച്ചുപോയ കൊളോണിയല്‍ സംസ്‌കാരത്തിന്റെ വിഴുപ്പുഭാണ്ഡം പേറുന്ന ഒരു വിഭാഗമാണ് സംസ്ഥാനത്തെ പൊലിസ് സേന. അതിന്റെ തെളിവുകളാണ് അനുദിനമെന്നോണം പൊലിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് താഴേത്തട്ടിലുള്ളവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍. സമ്മര്‍ദം താങ്ങാന്‍ കഴിയാത്തവര്‍ ജീവിതം അവസാനിപ്പിക്കുകയോ നാടുവിടുകയോ ചെയ്യുന്നു.
എ.ഡി.ജി.പി സുദേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ച സംഭവം കഴിഞ്ഞ വര്‍ഷം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ പലരും പരാതി പറയാന്‍ മടിക്കുകയാണ്. സാധാരണ പൊലിസുകാര്‍ മേലുദ്യോഗസ്ഥരില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കെതിരേ പൊലിസ് അസോസിയേഷന്‍ ക്രിയാത്മകവും ശക്തവുമായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ പൊലിസുകാരുടെ ആത്മാഭിമാനം പിച്ചിച്ചീന്തുന്ന നടപടികള്‍ മേലുദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. പൊലിസുകാര്‍ക്ക് അവരുടെ വേദനകളും സമ്മര്‍ദങ്ങളും തുറന്നുപറയാനുള്ള വേദിയായി പൊലിസ് അസോസിയേഷന്‍ മാറണം.
അഞ്ചും ആറും പൊലിസുകാരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ വീടുകളില്‍ ജോലിക്കു നിര്‍ത്തുമ്പോള്‍ ക്രമസമാധാന പാലന രംഗത്താണ് അതിന്റെ ക്ഷീണം അനുഭവപ്പെടുക. ഐ.പി.എസുകാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുകയും ചെയ്യുന്നു.
ജോലിയിലെ മാനസിക സംഘര്‍ഷത്താല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 430 പൊലിസുകാരാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്. സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങള്‍ ഉള്ള വ്യക്തികളാണ് പൊലിസുകാരെന്ന് അവര്‍ക്കുമേല്‍ അമിത ജോലിഭാരം കെട്ടിവയ്ക്കുന്ന ഏമാന്‍മാര്‍ ഓര്‍ക്കുന്നില്ല. കുടുംബത്തെ പോറ്റാനും മക്കളെ നല്ലനിലയില്‍ വളര്‍ത്താനുമാണ് സത്യസന്ധരായ പൊലിസുകാര്‍ മേലുദ്യോഗസ്ഥരുടെ പീഡനങ്ങള്‍ നിശബ്ദം സഹിച്ചുപോരുന്നത്. കൈക്കൂലി വാങ്ങാന്‍ തയാറല്ലാത്ത, മേലുദ്യോഗസ്ഥര്‍ക്ക് ക്വാട്ട തികയ്ക്കാന്‍ കള്ളക്കേസുകള്‍ എടുക്കാന്‍ തയാറാകാത്ത സത്യസന്ധരായ പൊലിസുകാരാണ് സമ്മര്‍ദം താങ്ങാനാവാതെ നാടും വീടും വിട്ട് പോകുന്നതും ചിലര്‍ മരണം വരിക്കുന്നതും.
എറണാകുളം സിറ്റി സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹൗസ് ഓഫിസറായി ജോലി ചെയ്യുകയായിരുന്ന വി.എസ് നവാസ് ജോലിസ്ഥലത്ത് കഠിനമായ മാനസിക പീഡനം അനുഭവിക്കുകയായിരുന്നു. താന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് നവാസ് ഭാര്യയോട് പറയാറുണ്ടായിരുന്നു. നവാസിനെ കാണാതായതിനെതുടര്‍ന്ന് ഭാര്യ ഈ വസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. നവാസ് മടങ്ങിവരികയും എറണാകുളം സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ് സുരേഷുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും ചെയ്തതോടെ ആ സംഭവം കെട്ടടങ്ങിയെങ്കിലും പൊലിസില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളുടെ തീനാളങ്ങള്‍ ഇപ്പോഴും അണയാതെ കിടക്കുകയാണ്. ഇന്ത്യ വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ പൊലിസ് സംവിധാനം ഒരു പരിഷ്‌കരണത്തിനും വിധേയമാകാതെ അറുപഴഞ്ചനായി തുടരുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.
പൊലിസിലെ ജോലിഭാരം കാരണം ജീവിതം മടുത്ത് നാടുവിട്ടു പോകുകയാണെന്ന് ജില്ലാ പൊലിസ് മേധാവിക്ക് വാട്‌സ്ആപ്പ് സന്ദേശമയച്ച് ഏനത്ത് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ആനന്ദ ഹരിപ്രസാദ് നാടുവിട്ടതും അദ്ദേഹത്തെ കണ്ടെത്തിയതും കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തെ അടൂരിലെത്തിച്ച് മജിസ്‌ട്രേറ്റ് മുന്‍പാകെ ഏനത്ത് പൊലിസ് ഹാജരാക്കുകയും ചെയ്തു. ആദിവാസി വിഭാഗത്തില്‍പെട്ട ഒരു പൊലിസുകാരന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതിപീഡനവും കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തയായിരുന്നു. ആദിവാസി പൊലിസുകാരന്‍ രാജിക്കത്ത് നല്‍കുകയും ചെയ്തു.
ദക്ഷിണേന്ത്യയില്‍ നടക്കുന്ന പൊലിസുകാരുടെ ആത്മഹത്യകളില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമത്തേതാണ്. കേരളത്തില്‍ വര്‍ഷംതോറും ശരാശരി ഇരുപതോളം പൊലിസുകാര്‍ ആത്മഹത്യ ചെയ്യുന്നു. മേലധികാരികളുടെ കടുത്ത മാനസിക പീഡനത്താലാണ് പൊലിസുകാര്‍ ജനങ്ങള്‍ക്കു നേരെ പ്രകോപിതരാകുന്നത്. പൊലിസുകാരില്‍ ചിലര്‍ മര്‍ദകവീരന്മാരും മദ്യപാനികളുമായി മാറിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മുകളിലുള്ള ഓഫിസര്‍മാരില്‍നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന മാനസിക സമ്മര്‍ദങ്ങളുടെ അനന്തരഫലങ്ങളാണ്. സ്വന്തം സര്‍വിസ് റിവോള്‍വറുകള്‍ ശിരസിനു നേരെ പിടിച്ച് കാഞ്ചിവലിക്കുന്നവരും അപൂര്‍വമല്ലാതായിരിക്കുന്നു. ഇതിനൊക്കെ പുറമെയാണ് രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി തെറ്റു ചെയ്യേണ്ടിവരുന്നത്. അതിന്റെപേരില്‍ പിടിക്കപ്പെട്ടാല്‍ സമ്മര്‍ദം ചെലുത്തിയ രാഷ്ട്രീയക്കാര്‍ മുങ്ങുകയും ചെയ്യുന്നു.
സഹല്‍ വധക്കേസിലെ പ്രതിയായിരുന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ ആത്മഹത്യയെതുടര്‍ന്നാണ് പൊലിസുകാര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. 2001 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലാണ് കേരളത്തില്‍ ഏറ്റവുമധികം പൊലിസുകാര്‍ അത്മഹത്യ ചെയ്തത്. പൊലിസുകാരുടെ ജോലിഭാരം കുറയ്ക്കാനും മേലുദ്യോഗസ്ഥരില്‍നിന്ന് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍, ഇപ്പോള്‍ തന്നെ പഴകിയ ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന വാഗ്ദാനം ഏറെ പുളിച്ചുപോകും. പൊലിസ് സേനയെ ആധുനികവല്‍കരിക്കുന്നതിനു സര്‍ക്കാര്‍ ഒട്ടും വൈകാതെ നടപടികള്‍ ആരംഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."