ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം; രാജിവയ്ക്കേണ്ടതില്ല: മുസ്ലിം ലീഗ്
കോഴിക്കോട്: എം.സി ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലിം ലീഗ്. സര്‍ക്കാര്‍ നേരിടുന്ന ഗുരുതര ആരോപണങ്ങളെ മറികടക്കാനാണ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാതെ എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഖമറുദ്ദീന് രാജിവയ്ക്കേണ്ടതില്ലെന്നും പാര്‍ട്ടി നടപടിയെടുക്കില്ലെന്നും ലീഗ് ഉന്നതാധികാര യോഗത്തിനു ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിക്ഷേപകരുടെ പണം തിരിച്ചുകിട്ടണമെന്നു തന്നെയാണ് ലീഗിന്റെ നിലപാട്. ബിസിനസ് തകര്‍ച്ച സാമ്പത്തിക തട്ടിപ്പായി ചിത്രീകരിച്ചാണ് അറസ്റ്റെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. സാമ്പത്തിക കേസുകളില്‍ ഉള്‍പ്പെട്ട ഭരണപക്ഷ എം.എല്‍.എമാരോട് ഇതേ സമീപനം സ്വീകരിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. പൊലിസ് നടപടി നിയമപരമായി നിലനില്‍ക്കാത്തതാണ്. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. ആരോപണങ്ങള്‍ ആര്‍ക്കെതിരേയാണ് ഇല്ലാത്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഇല്ലേ? അവര്‍ക്കെതിരേ എന്തു നടപടിയാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി ചേദിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."