അര്‍ണബ് ജയിലില്‍
മുംബൈ: സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈയിലെ തലോജ ജയിലിലേക്കു മാറ്റി. അറസ്റ്റിലായി മൂന്നു ദിവസം അലിബാഗിലെ ക്വാറന്റൈന് സെന്ററായ സ്കൂളിലായിരുന്നു അര്‍ണബിനെ താമസിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് ഇവിടെനിന്നു നേവി മുംബൈയിലെ തലോജ ജയിലിലേക്കു മാറ്റിയത്.
അതേസമയം, ക്വാറന്റൈന് സെന്ററില്‍ അര്‍ണബ് അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടെത്തിയതായും പൊലിസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്തപ്പോള്‍തന്നെ അര്‍ണബിന്റെ മൊബൈല്‍ ഫോണ്‍ പൊലിസ് പിടിച്ചെടുത്തിരുന്നുവെന്നും എന്നാല്‍ അതിനു ശേഷവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നെന്നും റെയ്ഗാദ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ, ക്വാറന്റൈന് സെന്ററില്‍ അദ്ദേഹം മറ്റൊരു ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.
അര്‍ണബിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയ ബോംബെ ഹൈക്കോടതി, ജാമ്യാപേക്ഷയുമായി സെഷന് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി കോടതി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
ഈ ഹരജിയില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നിനു കോടതി വിധി പറയുമെന്നും സൂചനയുണ്ട്.
നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് അര്‍ണബ് ഉള്ളത്.
അതേസമയം, അര്‍ണബിനെ പിന്തുണച്ചും അറസ്റ്റില്‍ പ്രതിഷേധിച്ചും ഡല്‍ഹിയിലെ രാജ്ഘട്ടില്‍ ധര്‍ണ നടത്താനെത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
പൊലിസിന്റെ അനുമതിയില്ലാതെയായിരുന്നു ധര്‍ണ നടത്താനിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."