കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതിലും പരുക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പരുക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളുമായായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ഹൈബി ഈഡനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രവര്‍ത്തകരെ ക്രൂരമായാണ് പൊലിസ് മര്‍ദിച്ചതെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു.
സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെ പൊലിസ് അക്രമം അഴിച്ചുവിടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ഹൈബി ചോദിച്ചു.
പൊലിസുകാര്‍ക്കെതിരേയും ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരേയും നടപടിവേണമെന്നും ഹൈബി ആവശ്യപ്പെട്ടു. എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകരാണ് പൊലിസിനു നേരെ അക്രമം നടത്തിയതെന്ന് അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പറഞ്ഞു.
പൊലിസിന് നേരെ കല്ലേറ് ഉണ്ടായപ്പോഴാണ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്ത്. 68പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിദ്യാര്‍ഥി സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരങ്ങളിലൂടെ വളര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സമരമെന്ന് കേള്‍ക്കുമ്പോള്‍ അസഹിഷ്ണുതയാണുള്ളത്. ചെന്നിത്തല പറഞ്ഞു. എന്നാല്‍ സ്വാശ്രയഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഫീസ് നിശ്ചയിക്കുന്നത് റെഗുലേറ്ററി കമ്മിറ്റിയാണ്. എന്നാല്‍ സ്വാശ്രയ വിഷയത്തില്‍ കെ.എസ്.യുക്കാരെ ഇറക്കിവിട്ട് ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."