വിഭജിക്കില്ല; യു.എസിനെ ഒന്നിപ്പിക്കും കൊവിഡിനെ നേരിടാന്‍ ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി
വാഷിങ്ടണ്‍: രാജ്യത്തെ വിഭജിക്കുന്ന പ്രസിഡന്റാകില്ലെന്നും വൈവിധ്യങ്ങള്‍ നിലനിര്‍ത്തി രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റായിരിക്കും താനെന്നും നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.
ഭൂരിപക്ഷം ഉറപ്പിച്ചതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയെ നേരിടാന്‍ ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രോശങ്ങള്‍ മാറ്റിവച്ച് പരസ്പരം മനസിലാക്കണം. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുള്ള സമയമാണിത്.
ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താന്‍. നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആയി കാണുന്നയാള്‍. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കയെ സുഖപ്പെടുത്താനുള്ള സമയമാണിത്. അമേരിക്കയുടെ ആത്മാവിനെ നമ്മള്‍ തിരികെ പിടിക്കും. രാജ്യത്തിന്റെ നട്ടെല്ലിനെ പുനര്‍നിര്‍മിക്കും. രാജ്യത്ത് നീതിയും മര്യാദയും നടപ്പാക്കാനായാണ് രാജ്യം തങ്ങളെ തെരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടിയെന്നും ഈ വലിയ രാജ്യത്തെ നയിക്കാന്‍ തന്നെ തിരഞ്ഞെടുത്തതില്‍ നന്ദി പറയുന്നുവെന്നും ബൈഡന്‍ പറഞ്ഞു. വലിയ വിജയമാണ് നിങ്ങള്‍ സമ്മാനിച്ചത്. 74 മില്യണ്‍ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണിത്.
ട്രംപിന് വോട്ട് ചെയ്തവര്‍ക്കുള്ള നിരാശ തനിക്ക് മനസിലാക്കാനാവും. താനും രണ്ടു തവണ പരാജയപ്പെട്ടിരുന്നു.
ശക്തിയുടെ മാതൃകയായല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണെന്നാണ് നാം കാണിക്കേണ്ടത്.
നമുക്കൊന്നായി നിന്നുകൊണ്ട് ഏറ്റവും മികച്ചതാവാന്‍ പ്രയത്‌നിക്കാം. റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍, ഡെമോക്രാറ്റുകള്‍, സ്വതന്ത്രര്‍, കണ്‍സര്‍വേറ്റീവുകള്‍, യുവാക്കള്‍, ഗ്രാമീണര്‍, സ്വവര്‍ഗാനുരാഗികള്‍, ഭിന്നലിംഗക്കാര്‍, വെള്ളക്കാര്‍, ലാറ്റിനോകള്‍, ഏഷ്യന്‍, അമേരിക്കനുകള്‍ തുടങ്ങി ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വൈവിധ്യമായ സഖ്യത്തെയാണ് ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തിയത്.
അതില്‍ തനിക്ക് അഭിമാനമുണ്ട്. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും ബൈഡന്‍ പ്രശംസിച്ചു. കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായെന്നാണ് അദ്ദേഹം പറഞ്ഞത്.
നാലു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ടാണ് യു.എസിന്റെ 46-ാം പ്രസിഡന്റായി ഡമോക്രാറ്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ (77) 290 ഇലക്ടറല്‍ വോട്ടുകളുമായി വിജയമുറപ്പിച്ചത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകളെ ലഭിച്ചിട്ടുള്ളു.
ഫലം വരാനുള്ള ജോര്‍ജിയയിലും (16) ബൈഡനു വ്യക്തമായ ലീഡുണ്ട്. നോര്‍ത്ത് കാരലിനയില്‍ (15) മാത്രമാണു ട്രംപ് ലീഡ് നിലനിര്‍ത്തുന്നത്. പുതിയ പ്രസിഡന്റ് ജനുവരി 20നാണു സത്യപ്രതിജ്ഞ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."