വിവാദങ്ങള്‍ക്ക് വിട; ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ടില്‍ സ്ഥാപിക്കും
കുന്നുംകൈ: വെള്ളരിക്കുണ്ട് താലൂക്കില്‍ തുടങ്ങുന്ന പുതിയ ആര്‍.ടി ഓഫിസിന്റെ ആസ്ഥാന മന്ദിരം എവിടെ വേണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ന്നു. കെ.എല്‍.79ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ടില്‍ തന്നെ സ്ഥാപിക്കും. ഒരു താലൂക്കിലെ രണ്ടു സ്ഥലങ്ങള്‍ തമ്മിലെ പിടിവാശി മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയ ആര്‍.ടി ഓഫിസ് വെള്ളരിക്കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും ടെസ്റ്റ് ഗ്രൗണ്ട് പരപ്പ പുലിയംകുളത്തും സ്ഥാപിക്കാന്‍ തീരുമാനമായി. അടുത്തമാസം ആദ്യ വാരത്തില്‍ ഇതിന്റെ ഉദ്ഘാടനം നടക്കും. കാഞ്ഞങ്ങാട് ആര്‍.ടി.ഒ മോട്ടോര്‍ വൈഹില്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. ഭരതനെ പ്രമോഷന്‍ നല്‍കി സര്‍ക്കാര്‍ വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍.ടി.ഒ ആയി നിയമിക്കുകയും ചെയ്തിരുന്നു. വൈകാതെ ഒരുവാഹനം ഉള്‍പ്പടെ ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ. മൂന്ന് ക്ലര്‍ക്ക്, ഒരു ടൈപ്പിസ്റ്റ് എന്നിവരെയും വെള്ളരിക്കുണ്ട് ആര്‍.ടി.ഒക്കായി അനുവദിച്ചുകൊണ്ട് ഉത്തരവായി. പുലിയംകുളത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ടെസ്റ്റ് ഗ്രൗണ്ടും താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ ആര്‍.ടി ഓഫിസും എന്ന നിലയിലായിരുന്നു പ്രാരംഭ പ്രവര്‍ത്തനം. ഇതിനായി വെള്ളരിക്കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടം ഓഫിസിനായി കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ വെള്ളരിക്കുണ്ട് ആര്‍.ടി ഓഫിസിന്റെ തുടര്‍ ജോലികള്‍ നിര്‍ത്തിവെക്കാന്‍ ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ ഓഫിസില്‍നിന്നു നിര്‍ദ്ദേശം വന്നു. ഇതോടെ കെ.എല്‍.79എന്ന വെള്ളരിക്കുണ്ട് ആര്‍.ടി.ഒ സബ് ഓഫിസ് ഓഡറില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ജോയിന്റ് ആര്‍.ടി.ഒ.അടക്കം എട്ടുപേര്‍ക്ക് ജോലിയുമില്ലാതായി. ജോയിന്റ് ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആറുമാസമായി ശമ്പളം ലഭിച്ചിരുന്നുമില്ല. ഓഫിസ് പ്രവര്‍ത്തനം തുടങ്ങി ബാര്‍കോഡ് സിസ്റ്റം ട്രഷറി ഓഫിസര്‍ക്ക് കൈമാറാത്തതിനാലാണ് ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങാന്‍ ഇടയായത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് താലൂക്ക് അനുവദിച്ചത്. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ ഭാവിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ വരുമ്പോള്‍ എല്ലാം ഒറ്റക്കുടകീഴില്‍ തന്നെ വേണമെന്ന കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ടില്‍ ആര്‍.ടി ഓഫിസ് അനുവദിക്കപ്പെട്ടത്. ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ചു ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ കെ. ഭരതന്‍ പറഞ്ഞു.
വെള്ളരിക്കുണ്ട് ടൗണിലും പരിസരങ്ങളിലും പാര്‍ക്കിങ് സൗകര്യം ക്രമീകരിക്കുകയും വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധന ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."