റബര്‍ ബോര്‍ഡ് റീജ്യനല്‍ ഓഫിസുകള്‍ അടച്ചുപൂട്ടരുത്
തിരുവനന്തപുരം: റബര്‍ ബോര്‍ഡിന്റെ റീജ്യനല്‍ ഓഫിസുകള്‍ അടച്ചു പൂട്ടുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘം പോകുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. കെ.എം മാണിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് റബര്‍ കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇതിനു ശേഷമായിരിക്കും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുക. റീജ്യനല്‍ ഓഫിസുകള്‍ നിര്‍ത്തലാക്കുന്നത് ഗൗരവതരമായ പ്രശ്‌നമാണ്. റബര്‍ കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാണ്. ഇന്ത്യയില്‍ 90ശതമാനം റബറും ഉല്‍പാദിപ്പിക്കുന്നത് കേരളത്തിലാണ്. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള 26 റീജ്യനല്‍ ഓഫിസുകളാണ് സംസ്ഥാനത്തുള്ളത്.
ഇതില്‍ കോതമംഗലം എറണാകുളം റീജ്യനല്‍ ഓഫിസുകള്‍ ഒന്നാക്കിക്കഴിഞ്ഞു. കോട്ടയത്തെ റീജ്യനല്‍ ഓഫിസിനെ മറ്റൊരു റീജ്യനല്‍ ഓഫിസിലേക്ക് ലയിപ്പിച്ച് ഇല്ലാതാക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രത്തിന്റെ ഈ നടപടി കേരളത്തിലെ റബര്‍ ഉല്‍പാദനം കുറയ്ക്കുന്നതിനു വേണ്ടിയാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് റബര്‍ ഉല്‍പാദനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. റബര്‍ നയം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ കുറച്ചു കൊണ്ടുവരാന്‍ കേന്ദ്രം നടത്തുന്ന ഇടപെടല്‍ നിര്‍ത്തി വയ്ക്കാന്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."