പാലിയേക്കര ടോള്‍: കരാര്‍ വ്യവസ്ഥകള്‍ കമ്പനി കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി
തൃശൂര്‍: പാലിയേക്കര ടോള്‍ പിരിവും മണ്ണുത്തി - ഇടപ്പള്ളി റോഡിലെ സ്ഥിതിയും സംബന്ധിച്ച് കരാര്‍ വ്യവസ്ഥകള്‍ കമ്പനി കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍. മന്ത്രിമാരില്‍നിന്നും ജനപ്രതിനിധികളില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെയും പരാതികളുടേയും ഭാഗമായി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ വ്യവസ്ഥയില്‍ പറയുന്ന 5 വര്‍ഷത്തിലൊരിക്കല്‍ ഉപരിതലം പുതുക്കല്‍, സര്‍വിസ് റോഡുകള്‍, കാനകള്‍, ബസ്‌ബേ, ബസ് ഷെല്‍ട്ടര്‍, സ്ട്രീറ്റ് ലൈറ്റ്, സുരക്ഷാ സംവിധാനങ്ങള്‍, പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍, അപകട നിവാരണ സംവിധാനം എന്നിവ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
പുതുക്കാട് ഫ്‌ളൈ ഓവര്‍, ചാലക്കുടി കോടതി ജങ്ഷനില്‍ മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അണ്ടര്‍പാസ് തുടങ്ങി ബാക്കി അനുബന്ധ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
പാലിയേക്കര ടോള്‍ പ്ലാസയോട് ചേര്‍ന്നുള്ള പഴയ ദേശീയപാതയിലേക്ക് ഉണ്ടായിരുന്ന പ്രവേശന സൗകര്യം തടസ്സപ്പെട്ടത് ഉന്നയിച്ചപ്പോള്‍ അത് 2012 ല്‍ ഉണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ടോള്‍ പ്ലാസയിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും നിര്‍ദേശം നല്‍കി. മണ്ണുത്തി - ഇടപ്പള്ളി റോഡില്‍ കമ്പനി നിര്‍മാണം നടത്തിയത് മണ്ണുത്തി - അങ്കമാലി ഭാഗം മാത്രമാണ്.
ടോള്‍ നിരക്കില്‍ ആനുപാതികമായ കുറവ് വരുത്താനാകുമോ എന്ന കാര്യം നാഷനല്‍ ഹൈവേ അതോറിറ്റി മേലധികാരികളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണമെന്നും മന്ത്രി അറിയിച്ചു. ചട്ടങ്ങളുടെയും കരാര്‍ വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിമാരായ എ.സി മൊയ്തീന്‍, പ്രഫ.സി.രവീന്ദ്രനാഥ്, എം.എല്‍.എമാരായ ബി.ഡി ദേവസ്സി, അഡ്വ.കെ.രാജന്‍, കെ.വി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."