മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി; അംഗീകാരമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളജ്
മഞ്ചേരി: സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കായതോടെ മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) യുടെ അംഗീകാരം വീണ്ടും തടസപ്പെട്ടു. അംഗീകാരം വീണ്ടെടുക്കാനായില്ലെങ്കില്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരുടെ രജിസ്‌ട്രേഷനും ഉപരിപഠനവും പ്രതിസന്ധിയിലാകും. ഹൗസ് സര്‍ജന്‍സി കഴിയുന്നവര്‍ ഉപരിപഠനത്തിനു സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ജൂലൈയില്‍ നടന്ന എം.സി.ഐയുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തൊട്ടുമുന്‍പ് നടന്ന പരിശോധനയിലും സ്ഥിരാംഗീകാരം തടസപ്പെട്ടിരുന്നു. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് അംഗീകാരം ലഭിക്കുന്നതിന് തടസമായത്. നിശ്ചിത സമയത്തിനകം സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ എം.സി.ഐക്ക് സത്യാവങ്മൂലം നല്‍കിയിരുന്നെങ്കിലും ലംഘിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തവണ പരിശോധന നടന്നപ്പോഴും കെട്ടിട സമുച്ചയങ്ങളുടെ ഭരണാനുമതി, ടെന്‍ഡര്‍ രേഖകള്‍ തുടങ്ങിയവ എം.സി.ഐക്കു സമര്‍പ്പിച്ചാണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്.
ജൂലൈ 17ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ച ഒരു പദ്ധതി പോലും പ്രവൃത്തിയാരംഭിക്കാത്തതാണ് ജില്ലയുടെ മെഡിക്കല്‍ കോളജിന് വിനയായത്. മഞ്ചേരി മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നായിരുന്നു മന്ത്രിയുടെ പത്രക്കുറിപ്പ്. 103 കോടിയുടെ പഴയ പദ്ധതി തന്നെ ആരോഗ്യ മന്ത്രി വീണ്ടും പ്രഖ്യാപിച്ചെങ്കിലും ശിലാഫലകം പോലും സ്ഥാപിക്കാതെ സ്ഥിരാംഗീകാരത്തിന് അപേക്ഷിച്ചതാണ് എം.സി.ഐയില്‍ നിന്നും വീണ്ടും തിരിച്ചടി നേരിടാന്‍ ഇടയാക്കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയ പദ്ധതികളും ഉടന്‍ പ്രവര്‍ത്തിയാരംഭിക്കുമെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നത്. ഇതെല്ലാം ജലരേഖയാവുകയായിരുന്നു.
നിലവില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ 16% കുറവാണ് മെഡിക്കല്‍ കോളജിലുള്ളത്. അധ്യാപകര്‍ക്കും റസിഡന്റ് ഡോക്ടര്‍മാര്‍ക്കും ക്വാര്‍ട്ടേഴ്‌സുമില്ല. മെഡിക്കല്‍ കോളജിന്റെ മുഖച്ഛായ മാറ്റുന്ന 50 കോടിയുടെ ഒ.പി ബ്ലോക്കിന് ആദ്യഘട്ടമായി 5.2 കോടി രൂപ അനുവിച്ചതായും 10,000 സ്‌ക്വയര്‍ മീറ്റര്‍ വൃസ്തീര്‍ണത്തില്‍ 10 നിലകളായിട്ടാണ് ഇത് പണി കഴിപ്പിക്കുന്നതെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒ.പിയില്‍ സ്ഥല സൗകര്യമില്ലെന്ന കാരണവും ഇപ്പോള്‍ അംഗീകാരം തടസപ്പെടാന്‍ കാരണമായിരിക്കുകയാണ്. പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനമെങ്കിലും നടന്നിരുന്നെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെറിയ പരിഗണനയെങ്കിലും മെഡിക്കല്‍ കോളജിന് ലഭിക്കുമായിരുന്നു.
വാര്‍ഡുകളുടെ ക്രമീകരണം നടന്നതും എം.സി.ഐയുടെ വ്യവസ്ഥ പ്രകാരമല്ല. വാര്‍ഡില്‍ പാന്‍ട്രിയില്ല. കട്ടിലുകള്‍ തമ്മില്‍ അകലം കുറവാണ് എന്നീ കുറവുകള്‍ എം.സി.ഐ ചൂണ്ടിക്കാട്ടി. കുറവുകള്‍ പരിഹരിച്ച് അംഗീകാരത്തിനു വീണ്ടും അപേക്ഷിക്കാം. എന്നാല്‍ മൂന്നര ലക്ഷം രൂപ ഇതിനു കെട്ടിവയ്ക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താതെ ഇത്രയും തുക ചെലവാക്കി അംഗീകാരത്തിന് അപേക്ഷ നല്‍കിയാല്‍ പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."