ആത്മീയ സായൂജ്യം തേടിയെത്തിയത് പതിനായിരങ്ങള്‍
തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 180ാം ആണ്ടുനേര്‍ച്ചയുടെ സമാപന ദിവസമായ ഇന്നലെ മമ്പുറം മഖാമും പരിസരവും ജനസാഗരമായി. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ജാതി-മത ഭേദന്യേ പതിനായിരങ്ങളാണ് ആത്മീയ സായൂജ്യം തേടിയെത്തിയത്. ഇന്നലെ ഉച്ചക്ക് ശേഷം മഖാമില്‍ നടന്ന ഖത്മ് ദുആ സദസോടെ നേര്‍ച്ചക്ക് ഔദ്യോഗികമായി കൊടിയിറങ്ങി. മജ്ലിസുന്നൂര്, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണങ്ങള്‍, ദിക്റ് ദുആ സദസ് തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മമ്പുറം മഖാമില്‍ നടന്നത്. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്നലെ രാവിലെ എട്ടിന് തുടങ്ങി. സ്ത്രീകള്‍ക്കും പുരുഷന്മര്‍ക്കും പ്രത്യേകം സംവിധാനിച്ച കൗണ്ടറുകളിലായി നടന്ന അന്നദാനത്തിനായി ഒരുലക്ഷത്തിലേറെ നെയ്ച്ചോര്‍ പായ്ക്കറ്റുകള്‍ തയാറാക്കിയിരുന്നു.
വിതരണത്തിനായി തയാറാക്കിയ ഭക്ഷണ പായ്ക്കറ്റുകള്‍ വാങ്ങാന്‍ കനത്ത തിരക്കു മൂലം തീര്‍ഥാടകര്‍ക്ക് കീലോമീറ്ററുകളോളം ക്യു കേണ്ടി വന്നു. ഒരു ലക്ഷത്തിലേറെ പേര്‍ക്കുള്ള അന്നദാനത്തിനുള്ള സര്‍വ സജീകരണങ്ങളും ചെയ്തത് ദാറുല്‍ഹുദാ ഇസ്ലാമിക്ക് സര്‍വകലാശാല വിദ്യാര്‍ഥികളാണ്. പന്ത്രണ്ടു പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആയിരത്തി അറുനൂറില്‍ പരം വരുന്ന വിദ്യാര്‍ഥികള്‍ അന്നദാനത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. തിരൂരങ്ങാടിയിലെയും സമീപ സ്റ്റേഷനുകളിലേയും നൂറോളും നിയമപാലകരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും പ്രദേശവാസികളും എസ്.കെ.എസ്.എസ്.എഫ് വളണ്ടിയേഴ്സും ചേര്‍ന്ന് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമാക്കി.
ഒരാഴ്ചക്കാലം നീണ്ടുനിന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങുമ്പോള്‍ മമ്പുറം നിവാസികളും പൂര്‍ണ സംതൃപ്തിയിലാണ്. വിവിധ പരിപാടികളില്‍ സംഗമിക്കാനെത്തിയ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സര്‍വ സൗകര്യങ്ങളും ഒരുക്കാനായതിന്റെ ആത്മ സംതൃപ്തിയിലാണ് മമ്പുറത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."