കമലയ്ക്കു മുന്നില്‍ ചരിത്രം വഴിമാറുന്നു
വാഷിങ്ടണ്‍: ചിലര്‍ക്കു മുന്നില്‍ ചരിത്രം വഴിമാറിക്കൊണ്ടേയിരിക്കും. അത്തരത്തില്‍ ഒരാളാണ് യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയന്‍ വംശജ കമല ഹാരിസ്. യു.എസിന്റെ ചരിത്രത്തിലെ ആദ്യ വനിത വൈസ്പ്രസിഡന്റ്. ഈ പദവിയിലെത്തുന്ന ആദ്യ അഫ്രോ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ വംശജ. ഇതു മാത്രമല്ല യു.എസിന്റെ ചരിത്രത്തില്‍ പലതും അടയാളപ്പെടുത്തിയാണ് കമല വൈസ് പ്രസിഡന്റ് പദവിലെത്തിയത്.
തമിഴ്‌നാട് സ്വദേശിനിയായ മാതവിന്റെയും ജമൈക്കന്‍ സ്വദേശിയായ പിതാവിന്റെയും മകളായി 1964 ഒക്ടോബര്‍ 20ന് കലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലാണു കമലയുടെ ജനനം.
കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോള്‍ മാതാവും പിതാവും വേര്‍ പിരിഞ്ഞു. 12ാം വയസ്സില്‍ കാനഡയിലെ ക്യുബെക്കിലെ മോണ്‍ട്രിയലിലേക്ക് താമസം മാറി. അവിടെവച്ചാണ് കമലയുടെ ഉള്ളിലെ പോരാട്ട വീര്യം നാമ്പെടുത്തത്. അയല്‍പക്കത്തുള്ള കുട്ടികള്‍ സ്വന്തം കെട്ടിടത്തിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ കളിക്കുന്നതു വിലക്കിയ കെട്ടിട ഉടമയ്‌ക്കെതിരേ കൗമാരക്കാരിയായ കമല പ്രതിഷേധം സംഘടിപ്പിച്ചു.
പിന്നീട് ഹോവഡ് സര്‍വകലാശാലയില്‍ പഠിക്കാനായി അവര്‍ യുഎസില്‍ തിരിച്ചെത്തി. ലിബറല്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ അവിടുത്തെ ഡിബേറ്റ് സംഘത്തിലും ചേര്‍ന്നു. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബി.എ നേടിയതിനു പിന്നാലെ നിയമത്തില്‍ ബിരുദം നേടി.
1990 ല്‍ കലിഫോര്‍ണിയ സ്റ്റേറ്റ് ബാറില്‍ ചേര്‍ന്ന് തന്റെ കരിയറില്‍ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. 1998ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫിസിലെ കരിയര്‍ ക്രിമിനല്‍ യൂനിറ്റിന്റെ മാനേജിങ് അറ്റോര്‍ണിയായി ചുമതലയേറ്റു. 2000ല്‍ അതേ ഓഫിസിന്റെ കമ്മ്യൂണിറ്റി ആന്‍ഡ് നെയ്ബര്‍ഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോര്‍ണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചില്‍ഡ്രന്‍സ് ജസ്റ്റിസ് സ്ഥാപിച്ചത്. നവംബര്‍ 2010ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയും ആദ്യ വനിതയുമായി അവര്‍.
2016 നവംബറിലാണ് കലിഫോര്‍ണിയയില്‍നിന്ന് കമല സെനറ്റിലെത്തിയത്. അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത വര്‍ഗക്കാരിയായ രണ്ടാമത്തെ സെനറ്ററായിരുന്നു കമല.
ഇതുവരെ ഒരു വനിതയും യു.എസില്‍ വൈസ് പ്രസിഡന്റ് ആയിട്ടില്ലെന്ന കുറവാണു തന്റെ വിജയത്തിലൂടെ കമല നികത്തുന്നത്. ജോ ബൈഡന്‍ രണ്ടാം തവണ പ്രസിന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ 2024ല്‍ കമല ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനും സാധ്യത കൂടുതലാണ്. അങ്ങിനെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റാവുന്ന ആദ്യ വനിത എന്ന ചരിത്രംവും കമല രചിക്കും. അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെയാണ് കമല വിവാഹം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."