HOME
DETAILS
MAL
മിന താഴ്‌വാരം വികസിപ്പിക്കുന്നു; റബ്‌വ മലഞ്ചെരുവുകൾ നിരപ്പാക്കി
backup
June 19 2019 | 06:06 AM
മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിനു ആഴ്ചകൾ മാത്രം അവശേഷിക്കെ മിന താഴ്‌വാരം വികസിപ്പിക്കുന്നു. ഹാജിമാർക്ക് താമസിക്കേണ്ട മിന താഴ്‌വാരം കൂടുതൽ ഹാജിമാരെ ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വികസിപ്പിക്കുന്നത്. വികസനത്തിന്റെ ഭാഗമായി ശർഖ് റബ്‌വ മലഞ്ചരിവുകൾ നിരപ്പാക്കുന്ന പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വികസനം പൂർത്തിയായാൽ കൂടുതൽ ഹാജിമാർക്കുള്ള താമസത്തിനു മിന സജ്ജമാകുകയും ഉൾക്കൊള്ളാനുമാകുകയും ചെയ്യും. പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മക്ക മേഖല ഗവർണറേറ്റ് അതോറിറ്റി അറിയിച്ചു.
സഊദി ഹജ്ജ് ഉംറ മന്ത്രാലയവും മക്ക വികസന അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതിയുടെ മുക്കാൽ ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്നവ ഹജ്ജ് സമയം തുടങ്ങുന്നതിനു മുൻപ് തന്നെ പൂർത്തീകരിക്കാനുള്ള ത്വരിതഗതിയിൽ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഹജ്ജിനിടെ ഒരാഴ്ചയോളം കാലം ഹാജിമാർക്ക് താമസിക്കേണ്ട മിന താഴ്‌വാരം വികസിപ്പിക്കുന്നതിനെ കുറിച്ച് നേരത്തെ പഠനങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ഹജ്ജ് സീസണിൽ ഹാജിമാരുടെ തമ്പുകൾ മുസ്ദലിഫയോളം നീണ്ടിരുന്നു. അറഫദിന മഹാസംഗമം കഴിഞ്ഞ് തിരിച്ച് മിനയിലേക്കുള്ള യാത്രയിൽ വിശ്രമയിടം മാത്രമാണ് മുസ്ദലിഫ.
കൂടാതെ, മക്കയുടെ വിവിധ ഭാഗങ്ങളിലെ പ്രവൃത്തികളും തകൃതിയായി നടക്കുന്നുണ്ട്. അറവുശാല, സേവന ഏജൻസി കെട്ടിടം, ഉമ്മു ജൂദിലെ ചില സേവനപദ്ധതികൾ എന്നിവിടങ്ങളിൽ നടക്കുന്ന വികസന പ്രവൃത്തികൾ മേയർ എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽഖുവൈസ് സന്ദർശിച്ചു. ഹജ്ജ് വേളയിൽ പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നവിധത്തിലാണ് നിർമാണ ജോലികൾ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."