പ്രസ്സിലെ കുടിവെള്ളത്തില്‍ മൂത്രം കലര്‍ത്തിയ സംഭവം
കാക്കനാട്: ജീവനക്കാര്‍ തമ്മിലുള്ള കടുത്ത പകമൂലമാണ് ഗവ.പ്രസ്സിലെ കുടിവെള്ളത്തില്‍ മൂത്രം കലര്‍ത്തിയതിന് പിന്നിലെന്ന് സൂചന. ഏറ്റവും അധികം വനിതാ ജീവനക്കാര്‍ കുടിക്കാന്‍ ആശ്രയിക്കുന്ന ഒന്നാം നിലയിലെ റീഡിംഗ് വിഭാഗത്തിന് മുന്നിലെ വാട്ടര്‍ ഫില്‍റ്ററിലെ കുടിവെള്ളത്തില്‍ ഏപ്രില്‍ 10ന് രാവിലെയാണ് മൂത്രം കലര്‍ത്തിയതായി കണ്ടെത്തിയത്.
ഏപ്രില്‍ എട്ട് രണ്ടാം ശനിയാഴ്ചയും ഒന്‍പത് ഞായറാഴ്ചയും പ്രസ്സിന് അവധിയായതിനാല്‍ ഏഴാം തീയതി വെള്ളിയാഴ്ചയാവാം കുടിവെള്ളത്തില്‍ മൂത്രം കലര്‍ത്തിയതെന്നാണ് പൊലിസിന്റെ നിഗമനം.വെള്ളിയാഴ്ച രാത്രി ജോലിക്കുണ്ടായിരുന്ന ജീവനക്കാരെയും, പ്രശ്‌നത്തിന് ശേഷം ലീവില്‍ പോയ സെക്യൂരിറ്റി ജീവനക്കാരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഡ്യൂട്ടിക്കുണ്ടായിരുന്നവരുടെ ലിസ്റ്റ് കൊടുക്കാന്‍ അന്വേഷണ സംഘം ഡെപ്യൂട്ടി സുപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രസ്സില്‍ രണ്ടു നിലകളിലും വാട്ടര്‍ ഫില്‍റ്റല്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഒന്നാം നിലയിലെ റീഡിംഗ് വിഭാഗത്തിന് മുന്നിലെ വാട്ടര്‍ ഫില്‍റ്റര്‍ ജാര്‍ വനിതകള്‍ വൃത്തിയായി ഉപയോഗിക്കുന്നതും, എന്നാല്‍ കൂടുതല്‍ പുരുഷന്‍മാര്‍ ജോലി ചെയ്യുന്ന താഴത്തെ നിലയിലെ വാട്ടര്‍ ഫില്‍റ്റല്‍ ഉപയോഗിക്കുന്ന ജാര്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് ഇരിക്കുന്നത്.
റീഡിംഗ് വിഭാഗത്തിലെ ജാറിലെ വെള്ളം തീരുന്നമുറക്ക് താഴത്തെ നിലയിലെ വൃത്തിഹീനമായ ജാര്‍ എടുത്ത് റീഡിംഗ് വിഭാഗത്തിന് മുന്നിലെ വാട്ടര്‍ ഫില്‍റ്ററില്‍ വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ വനിത ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ തമ്മില്‍ പലപ്പോഴും രൂക്ഷമായ വാക്കുതര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. ഇതു മൂലമുള്ള കടുത്ത പകയാവാം കുടിവെള്ളത്തില്‍ മൂത്രം കലര്‍ത്തിയതിന് പിന്നിലെന്നാണ് സൂചന.ഏപ്രില്‍ 10 തിങ്കളാഴ്ച്ച രാവിലെ വനിതാ ജീവനക്കാരി കുടിക്കാന്‍ വെള്ളമെടുത്തപ്പോള്‍ സംശയം തോന്നിയതിനാല്‍ സെക്ഷന്‍ ഹെഡിനോട് പരാതിപ്പെടുകയും തുടര്‍ന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഷീല വെള്ളം എറണാകുളം റീജിണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.ലാബ് റിപ്പോര്‍ട്ടില്‍ കോളിഫോം ബാക്ടീരിയയുടെ അളവും നൈട്രേറ്റിന്റെ അംശവും ക്രമാതീതമാണെന്ന് വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."