അനുബന്ധ റോഡ് നിര്‍മാണം; സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കും: ജില്ലാ കലക്ടര്‍
എടവണ്ണപ്പാറ: ചാലിയാറിന് കുറകെ നിര്‍മിക്കാനുദ്ദേശിക്കുന്ന കൂളിമാട് പാലം അനുബന്ധ റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നേരത്തെ റോഡിന്റെ എല്ലാ സ്ഥലമെടുപ്പ് നടപടി ക്രമങ്ങളും പൂര്‍ത്തിയായങ്കിലും നെഗോസിയേഷന് നടത്തി തുക വിതരണം ചെയ്തിരുന്നില്ല. തുടര്‍ന്ന് 2016 ജൂലൈ മാസത്തില്‍ കൂളിമാട് അനുബന്ധറോഡിന്റെ പദ്ധതി നടപടികള്‍ കാലഹരണപ്പെട്ടിരുന്നു.
പഴയ വിലയ്ക്ക് ഭൂമി നല്കാന് എല്ലാവരും തയാറാണന്ന് ഭൂവുടമകള്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്ടറെ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുവഴി നേരത്തെ നിശ്ചയിച്ച വിലയില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
പാലത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 21.5 കോടിയുടെ ഭരണമാനുമതി ലഭിച്ചതാണ്. പാലത്തിന്റെ മറു തീരമായ കോഴിക്കോട് ജില്ലയില്‍ അനുബന്ധറോഡിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ജില്ലയിലെ അനുബന്ധ റോഡിന്റെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാല്‍ മാത്രമെ പാലത്തിന് സാങ്കേതിക അനുമതി ലഭ്യമാകൂ. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.ടി.എ റഹീം, ടി.വി ഇബ്രാഹീം, ഡെപ്യൂട്ടി കലക്ടര്‍ പി. രഘു നാഥ്, കോഴിക്കോട് ബ്രിഡ്ജസ് വിഭാഗം എ.ഇ എന്‍.വി ഷൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."