കോഡൂരില്‍ പേപ്പട്ടി ആക്രമണം ആറുമാസം പ്രായമുള്ള കുഞ്ഞിനടക്കം ഏഴുപേര്‍ക്ക് കടിയേറ്റു
മലപ്പറം: കോഡൂരില്‍ പേപ്പട്ടി ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. കാച്ചടിപ്പറമ്പ്, കാലമ്പറമ്പ്, എന്‍.കെ പടി, നായര്‍തൊടി, ചോലക്കല്‍, വരിക്കോട് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ പേപ്പട്ടി ഭീതി പരത്തിയത്. പേപ്പട്ടിയുടെ പരാക്രമണണത്തില് ആറു മാസം പ്രായമുള്ള കുട്ടിക്കും പരുക്കേറ്റു.
എന്‍.കെ പടിയില്‍ വീടിന്റെ ഉമ്മറത്ത് സ്ത്രീയുടെ മടിയിലിരിക്കുകയായിരുന്ന ആറു മാസം പ്രായമായ കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കൈക്കാണ് കടിയേറ്റത്. ചോലക്കലില്‍ നിന്നും രാവിലെയാണ് ആദ്യമായി പേപ്പട്ടിയെ കണ്ടത്. ഇവിടെ പള്ളിയില്‍ നിന്നും സുബ്ഹി നിസ്കാരം കഴിഞ്ഞുവരുന്നയാളെയാണ് ആദ്യം ആക്രമിച്ചത്. ആറോടെ കോട്ടപ്പടിയിലെ കടയിലേക്ക് പോവുകയായിരുന്ന ചോലക്കലിലെ ചാത്തോലി മുഹമ്മദിനും കടിയേറ്റു.
പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് ഓടിപ്പോകുകയായിരുന്നു. വരിക്കോട് വീട്ടുമുറ്റത്ത് വെച്ച് നായര്‍തൊടി അയ്യപ്പന്, സക്കീര്‍ എന്നിവര്‍ക്കും നായയുടെ കടിയേറ്റ് പരുക്കേറ്റു.
കടിയേറ്റവര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും മലപ്പുറം താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. വീട്ടുമുറ്റത്തും പറമ്പിലുമായി കെട്ടിയിരുന്ന പശുവിനും ആടിനും നായയുടെ കടിയേറ്റിട്ടുണ്ട്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നായക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പൊന്മള ഭാഗത്തേക്കാണ് നായ പോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
പരുക്കേറ്റവരെ കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി, മെമ്പര്‍മരായ എം.ടി ബഷീര്‍, ഹഫ്സത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."