തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ നിര്‍ണായകം പ്രവാസി വോട്ടുകള്‍
കോഴിക്കോട്: ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ വോട്ട് നിര്‍ണായകമാകും. കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടിലെത്തിയ ലക്ഷക്കണക്കിന് പ്രവാസികള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തും. ജീവിത യാത്രയില്‍ കടല്‍ കടന്ന പലര്‍ക്കും ജനാധിപത്യപ്രക്രിയയുടെ ഭാഗമായ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ നാട്ടിലെ പുരോഗതികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളുടെ വളര്‍ച്ചയ്ക്കും ഇവരുടെ വിയര്‍പ്പിന്റെ അംശവുമുണ്ടായിരുന്നു.
വര്‍ഷങ്ങളായി വിദേശത്തു കഴിയുന്നവര്‍ നാട്ടിലെത്തുന്ന സമയത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കാറുണ്ടായിരുന്നുവെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലും മറ്റും പലര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കാറില്ലായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി വന്നതോടെ ഇപ്പോള്‍ നിരവധി പേര്‍ നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കണക്കുകള്‍ പ്രകാരം മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ തിരിച്ചു എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനായി നോര്‍ക്ക വഴി അപേക്ഷിച്ചവരുടെ എണ്ണം തന്നെ ഒന്നേമുക്കാല്‍ ലക്ഷത്തോളമാണ്.
പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നു. പരമാവധി പേര്‍ തങ്ങളുടെ വോട്ടവകാശം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ മലബാറിലെ വിവിധ ജില്ലകളില്‍ ഇത്തവണ ഇത്തരം പ്രവാസി വോട്ട് നിര്‍ണായകമാകും. പ്രവാസി വോട്ടുകളില്‍ യു.ഡി.എഫിനാണ് കൂടുതല്‍ പ്രതീക്ഷയെങ്കിലും ഇടതുമുന്നണിക്കും തികഞ്ഞ ആത്മവിശ്വാസമാണ്.
ഓര്‍മയുണ്ടാകണം 'ക്യൂബാ മുകുന്ദന്മാരെ'
തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണവും തുടങ്ങി. നാടിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലും മുന്‍നിരയിലുണ്ടായിരുന്ന ആത്മാര്‍ഥതയും അര്‍പണ ബോധവും കൈമുതലാക്കിയ പ്രവാസികളായ പൊതുപ്രവര്‍ത്തകര്‍ ഇന്നു മിക്കവാറും എല്ലാ പാര്‍ട്ടിയിലും അവഗണിക്കപ്പെടുകയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളില്‍ പറയുന്നു. 'ക്യൂബാ മുകുന്ദന്‍മാര്‍' പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയാല്‍ പ്രാദേശിക തലത്തില്‍ പോലും അകറ്റിനിര്‍ത്തുന്നത് ന്യായവും നീതിയുമല്ലെന്നും ഇത്തരം പോസ്റ്റുകളില്‍ പറയുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ തങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം രാഷ്ട്രീയ കക്ഷികള്‍ തരണമെന്ന അഭിപ്രായങ്ങള്‍ പ്രവാസി സംഘടനകളും മറ്റും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റും ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."