ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കേണ്ടെന്ന ഉത്തരവ്: നട്ടംതിരിഞ്ഞ് സ്വകാര്യ ബസ് മേഖല
കൊച്ചി: സംസ്ഥാനത്തെ ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കേണ്ടെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവിനെത്തുടര്‍ന്ന് നട്ടംതിരിഞ്ഞ് സ്വകാര്യ ബസ് മേഖല. 140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവ്.
ഇതേതുടര്‍ന്ന് തൊഴില്‍നഷ്ടം അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ പെടാപാടു പെട്ടിരുന്ന ബസ് മേഖല. പുതിയ ഉത്തരവിനെത്തുടര്‍ന്ന് ഇതിനോടകം രണ്ടായിരത്തോളം ബസുകള്‍ നിരത്തില്‍ നിന്നും പിന്‍വാങ്ങി. ഇതോടെ സംസ്ഥാനത്തെ മലയോര മേഖലയിലേക്കുള്ളതടക്കം യാത്ര പ്രതിസന്ധിയിലായി.
കോഴിക്കോട്-വയനാട്, പത്തനംതിട്ട, എറണാകുളം-കുമളി, എറണാകുളം- മൂന്നാര്‍- പൂപ്പാറ, കോട്ടയം - കട്ടപ്പന, കുമളി, പാലക്കാട്, തുടങ്ങിയ റൂട്ടുകളില്‍ ഭൂരിഭാഗവും സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. പുതിയ നിയമത്തിന് പിന്നാലെ ഈ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. ഇതു മറികടക്കാന്‍ ഈ റൂട്ടുകളില്‍ എല്ലാം കെ.എസ്.ആര്‍.ടി.സി സര്‍വിസ് തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ധനച്ചെലവും പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും ജീവനക്കാരുടെ കുറവും മറ്റും ചൂണ്ടിക്കാട്ടി ഭൂരിഭാഗം സര്‍വിസുകളും കോര്‍പറേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പിന്‍വലിച്ചു. ഇതോടെ യാത്രാസൗകര്യം പൂര്‍ണമായും അടഞ്ഞു. കൂടാതെ നിയമത്തിന്റെ വരവോടെ പതിനയ്യായിരത്തോളം ജീവനക്കാര്‍ പെരുവഴിയിലുമായി.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുള്ള പുതിയ നിര്‍ദേശം ഇരുട്ടടിയായെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ഉത്തരവ് അതേപടി നടപ്പായാല്‍ ലിമിറ്റഡ് സ്റ്റോപ്പ് സര്‍വിസുകളെല്ലാം ഓര്‍ഡിനറിയാക്കേണ്ടിവരും. 140 കിലോമീറ്ററെന്ന പരിധി വച്ചിട്ടുള്ളതിനാല്‍ റൂട്ടും പുനക്രമീകരിക്കേണ്ടിവരും. സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഷയത്തിന് പരിഹാരമുണ്ടാക്കാന്‍ ഒക്ടോബര്‍ 20ന് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, തൊഴില്‍ മന്ത്രി, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, തുടങ്ങിയവര്‍ക്ക് കേരള മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ (എച്ച്.എം.എസ്) ബസ് തൊഴിലാളി യൂനിയന്‍ നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."