സ്റ്റുഡിയോയിലെ മോഷണം: പ്രതി പിടിയില്‍
പെരുമ്പാവൂര്‍: പള്ളിക്കര പെരിങ്ങാല അമ്പലപ്പടിയിലുള്ള സ്റ്റുഡിയോയുടെ ഷട്ടര്‍ കുത്തിത്തുറന്ന് കാമറകളും കംപ്യൂട്ടറുകളും ഹാര്‍ഡിസ്‌ക്, ലെന്‍സ്, മേശയിലുണ്ടായിരുന്ന പണം എന്നിവ ഉള്‍പ്പടെ 1,16,000 രൂപയുടെ സാധനങ്ങള്‍ മോഷണം നടത്തിയ കേസില്‍ പെരിങ്ങാല സ്വദേശി പീടിയേക്കല്‍ വീട്ടില്‍ സാഹിര്‍ (20)നെ കുന്നത്തുനാട് പൊലിസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തിയതി പുലര്‍ച്ചെ അമ്പലപ്പടിയിലെ ഓറഞ്ച് സ്റ്റുഡിയോയിലാണ് പ്രതി മോഷണം നടത്തിയത്.
മോഷണം നടന്നതിനെ തുടര്‍ന്ന് പൊലിസ് സമീപപ്രദേശങ്ങളിലെ സി.സി ടി.വി കാമറകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയതില്‍ മുഖംമൂടി ധരിച്ച 25 വയസില്‍ താഴെ പ്രായമുള്ളയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വഴി അന്വേഷണം നടത്തിയതില്‍ സംശയം തോന്നിയ 20ഓളം പേരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് പ്രതിയെക്കുറിച്ച് വ്യക്തമായി സൂചനലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പ്രതി മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തുകയായിരുന്നു.
മോഷ്ടിച്ചെടുത്ത കാമറകളും കംപ്യൂട്ടറുകളും മറ്റും വില്‍പ്പന നടത്താന്‍ സാധിക്കാത്തതിനാല്‍ പ്രതി പെരിങ്ങാലയിലുള്ള കോഴിമലയില്‍ ഉപേക്ഷിച്ചതായി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കോഴിമലയില്‍ പരിശോധന നടത്തി മോഷണമുതലുകള്‍ കണ്ടെടുത്തു. ആഢംബരജീവിതം നടത്തുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു.
കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ ജെ.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷൈജന്‍, സുബൈര്‍, ജോണ്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ, സജി, സജീവ്, വേണുഗോപാല്‍, ദിനില്‍, മനാഫ്, ജയലാല്‍ പി കര്‍ത്ത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."