ബീഫ് കൈവശം വച്ചതിന് മധ്യപ്രദേശില്‍ മുസ്ലിം യുവതികള്‍ക്ക് ക്രൂര മര്‍ദനം
ഭോപ്പാല്‍: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് മുസ്ലിം സ്ത്രീകളെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരാണ് ഇവരെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ചൊവ്വാഴ്ച രാവിലെ മധ്യപ്രദേശിലെ മണ്ടാസുര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിന് രണ്ട് പൊലിസുകാര്‍ ദൃക്സാക്ഷിയായിരുന്നെങ്കിലും അക്രമം തടയാന്‍ ഇവര്‍ ഒന്നും തന്നെ ചെയ്തില്ല. റെയ്ല്വേസ്റ്റേഷനിലെ മറ്റു യാത്രക്കാരും സംഭവം നോക്കിനില്‍ക്കുകയാണ് ചെയ്തത്.
35 കിലോ ബീഫുമായി എത്തിയ യുവതികളെ അറസ്റ്റ് ചെയ്യാനാണ് തങ്ങള്‍ റെയ്ല്വേസ്റ്റേഷനിലെത്തിയതെന്നാണ് പൊലിസ് പറയുന്നത്. നിയമവിരുദ്ധമായി അളവില്‍ കൂടുതല്‍ ബീഫ് കൈവശം വച്ചതാണ് ഇവരുടെ പേരിലുള്ള കുറ്റമെന്നും പൊലിസ് പറഞ്ഞു.ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു മര്‍ദനം. ഗോ മാതാ കീ ജയ് എന്ന് വിളിച്ചായിരുന്നു അക്രമം. അര മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിച്ച ഇവര്‍ അവശയായി കുഴഞ്ഞു വീഴുകയായിരുന്നു.
മര്‍ദനം അക്രമികളിലൊരാള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. പരിശോധനില്‍ പശുവിറച്ചി അല്ലെന്നും ബീഫ് ഇറച്ചിയാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നും വ്യക്തമായി. എന്നാല്‍ അക്രമികള്‍ക്കെതിരെയും അക്രമം നോക്കി നിന്ന പൊലിസുകാര്‍ക്കെതിരെയും ഇതുവരെ നടപടിയൊന്നുമെടുത്തില്ല. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് മണ്ടാസുര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."