പ്രളയത്തിന്റെ ബാക്കിപത്രമായി ദുരിതം പേറി 11 കുടുംബങ്ങള്‍
ചെങ്ങന്നൂര്‍: പ്രളയം ബാക്കി വച്ച ജീവിതവുമായി 11 കുടുംബമാണ് തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നന്നാട് കുന്നേല്‍ഭാഗത്ത് കഴിയുന്നത്. പുത്തന്‍പറമ്പില്‍ ജനാര്‍ദനന്‍, ശ്രീനിലയത്തില്‍ ബീന, ലേഖാലയത്തില്‍ പൊടിയന്‍ ആചാരി, അമ്മേത്ത് പള്ളത്ത് സുനിത സുമേഷ്, ഏലിയാമ്മ ചേക്കോട്ടില്‍, ഗോപിനാഥപിള്ള കിഴക്കേടത്ത് വടക്കേതില്‍, തങ്കമണിയമ്മ-രാജന്‍ പിള്ള ആറു പറക്കണ്ടത്തില്‍, ഓമന കുന്നേല്‍, രതീഷ് വടക്കേപ്പറമ്പില്‍, കുട്ടന്‍ ആറ്റുമാലിയില്‍, ഉഷ കുന്നേല്‍
എന്നീ കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നത്.
ഇവരില്‍ എട്ടോളം കുടുംബങ്ങള്‍ കഴിഞ്ഞ മാസം 15ന് അപ്രതീക്ഷിതമായി കയറി വന്ന പ്രളയജലത്തില്‍ അടുത്തുള്ള ക്യാംപായ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപിലുമായി കഴിയുകയായിരുന്നു. ഏലിയാമ്മ ചേക്കോട്ടില്‍, ഗോപിനാഥപിള്ള കിഴക്കേടത്ത് വടക്കേതില്‍ എന്നീ രണ്ട് കുടുംബങ്ങളാണ് ഒറ്റപ്പെട്ടു പോയത് ഇവരെ മാവേലിക്കര യില്‍നിന്നും എത്തിയ ബന്ധുക്കള്‍ ബോട്ടില്‍ രക്ഷപ്പെടുത്തി പരുമലയിലെ ക്യാംപ ില്‍ എത്തിക്കുകയായിരുന്നു. തിരികെ എത്തുംമ്പോഴേക്കും ഗോപിനാഥപിള്ളയുടെ ഏക വരുമാനമാര്‍ഗമായ കറവയുള്ള രണ്ട് ആട്, ഒരു പശു, പതിനഞ്ചോളം കോഴികള്‍ എന്നിവ പ്രളയജലം എടുത്തിരുന്നു. പലരുടേയും ആട് കോഴി എന്നിവ ഒഴുക്കില്‍പ്പെട്ടു. മറ്റുള്ള മുഴുവന്‍ കുടുംബങ്ങളുടേയും വീടുകള്‍ തകര്‍ന്ന നിലയിലാണ്. മിക്കതും അടച്ചുറപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ടിന്‍ ഷീറ്റുകള്‍കൊണ്ട് ഉണ്ടാക്കിയ ചുവരുകള്‍, മേല്‍ക്കൂര എന്നിവ തകര്‍ന്ന് തരിപ്പണമായി, തകര്‍ന്ന മേല്‍ക്കൂരക്ക് മുകളില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയിരിക്കുകയാണ്.
വീട്ടിലുണ്ടായിരുന്ന കട്ടില്‍, മേശ, കസേരകള്‍, കുട്ടികളുടെ പഠനോപകരണങ്ങള്‍, ടി.വി, റേഡിയോ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, തയ്യല്‍ മെഷീനുകള്‍ എന്നിവയെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയി. വരട്ടാറിന്റെ തീരമായതിനാല്‍ ഈ ഭാഗത്ത് ശക്തമായ ഒഴുക്കായിരുന്നു. വാസയോഗ്യമല്ലാത്തതിനാല്‍ അഞ്ചുകുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസത്തിന് എത്തിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ബന്ധുവീടുകളിലും ക്യാംപിലുമായി കഴിയുന്നു.
കിണറുകളിലെ വെള്ളം ഒരു പ്രാവശ്യം മോട്ടര്‍ ഉപയോഗിച്ച് വറ്റിച്ചു എങ്കിലും വെള്ളത്തിന് ചേറുമണവും ചുവപ്പ് നിറവുമാണ്. ഒന്നുകൂടി വെള്ളം വറ്റിച്ചെങ്കില്‍ മാത്രമേ വെള്ളം കുടിക്കാന്‍ യോഗ്യമാകൂ. അതുകൊണ്ട് രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് ഇവിടെ വൈദ്യുതി കണക്ഷന്‍ എത്തിച്ചത്. എന്നാല്‍ ചില വീടുകളില്‍ ഇപ്പോഴും വൈദ്യുതി കണക്ഷന്‍ എത്തിയിട്ടില്ല. തകര്‍ന്ന വീടുകളില്‍ വയറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ആദ്യം മുതല്‍ ചെയ്യേണ്ടതായി ഉണ്ട്. സര്‍ക്കാരും, സന്നദ്ധ സംഘടനകളും നല്‍കിയ സഹായവുമാണ് ഒരു മാസക്കാലമായി ഇവരെ തുണച്ചത്. തയ്യല്‍ ജോലിയും, ആട്, പശുവളര്‍ത്തല്‍ എന്നിവയില്‍ നിന്നും കിട്ടുന്ന വരുമാനമായിരുന്നു ഏറെക്കുറെ പേരുടെ ജീവിത മാര്‍ഗം.
എല്ലാം നഷ്ടപെട്ട് നിസഹായ അവസ്ഥയിലാണ് ഇന്നിവര്‍ കഴിയുന്നത്. മൂന്നോളം കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ മൂന്ന് മുതല്‍ അഞ്ച് സെന്റ് സ്ഥലം വരെ വില കൊടുത്തു വാങ്ങിയതാണ്. ഉള്ള സമ്പാദ്യം മുഴുവന്‍ മുടക്കിയാണ് കയറിക്കിടക്കാന്‍ ഷെഡ് ഉണ്ടാക്കിയത്.
ഇവിടേക്ക് പോകുവാനുള്ള നടവഴിയല്ലാത്തത് അതിലും വലിയൊരു പ്രതിസന്ധിയായി ഇവര്‍ക്കു മുന്നില്‍ നിലനില്‍ക്കുന്നു. തകര്‍ന്ന വീടുകള്‍ക്കുമുന്നില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."