എയര്‍ഫോഴ്‌സ് വിളിക്കുന്നു; 'എഫ്കാറ്റി'ന് സമയമായി
നിങ്ങള്‍ ഉല്‍സാഹപ്രിയരും സാഹസിക പ്രേമിയുമാണോ? ആകാശത്തിനപ്പുറത്താണ് മനുഷ്യന്റെ പരിധി എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ ഏറ്റവും അഭിമാനകരവും ആകര്‍ഷകവുമായ തൊഴില്‍ മേലകളിലൊന്നായ എയര്‍ഫോഴ്‌സിന് നിങ്ങളെ ആവശ്യമുണ്ട്. എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (എഫ്കാറ്റ്) 2020 ന്റെ വിജ്ഞാപനം ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ഈ മാസം 30 ആണ് അവസാന തിയതി.
പ്രധാനമായും മൂന്ന് ശാഖകളിലാണ് എഫ്കാറ്റിലൂടെ പ്രവേശനം നേടാന്‍ സാധിക്കുക: എയര്‍ക്രാഫ്റ്റ് പറപ്പിക്കല്‍, അതിന്റെ സാങ്കേതികത, അതിനാവശ്യമായ ഗ്രൗണ്ട് സപ്പോര്‍ട്ട്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാവുന്ന ഈ മൂന്നു ശാഖകള്‍ക്കും 20 വയസ് പൂര്‍ത്തിയായിരിക്കണം.
ഫ്‌ളയിങ് ബ്രാഞ്ച്
പ്ലസ് ടു തലത്തില്‍ കണക്കും സയന്‍സും പഠിച്ച് 60 ശതമാനം മാര്‍ക്കോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയവര്‍ക്ക് ഈ ശാഖയില്‍ അപേക്ഷിക്കാം. നാല് വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ജിനീയറിങ് ബി.ഇ,ബി.ടെക്. ബിരുദധാരികള്‍ക്ക് പ്ലസ് ടു തല നിഷ്‌കര്‍ഷതയില്ല.
24 വയസാണ് പ്രായപരിധി. ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച, കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്ക് 2 വര്‍ഷം ഇളവ് ലഭിക്കും.
162.5 സെ.മീ. ശരീരഉയരവും അതിനൊത്ത ഭാരവും കാലുകള്‍ക്ക് 99 സെ.മീ. ഉയരവും ഇരിക്കുമ്പോള്‍ 81.5 സെ.മീ. ഉയരവും ആവശ്യമാണ്. നല്ല കാഴ്ചശക്തിയും മറ്റും അനിവാര്യമായ ഈ ശാഖയില്‍ എയര്‍ഫോഴ്‌സിന്റെ മെഡിക്കല്‍ ഫിറ്റ്‌നസ് പാസാവണം.
ഇതിനുമുമ്പ് കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്ഷന്‍ സിസ്റ്റം (സി.പി.എസ്.എസ്.പി.എ.ബി.ടി.) പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
ടെക്‌നിക്കല്‍ ബ്രാഞ്ച്
ഇലക്‌ട്രോണിക്‌സിലോ മെക്കാനിക്കലിലോ ആയി വിന്യസിക്കപ്പെട്ടിരിക്കുന്ന ഈ ബ്രാഞ്ചില്‍ എയ്‌റനോട്ടിക്കല്‍ സെക്ഷനിലേക്കാണ് പ്രവേശനം. 60 ശതമാനം മാര്‍ക്കോടു കൂടി നേടിയ, നാല് വര്‍ഷം ദൈര്‍ഘ്യമുള്ള സാങ്കേതിക എന്‍ജിനീയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇതില്‍ തന്നെ, ഫിസിക്‌സ്, ഗണിതം, എന്‍ജിനീയറിങ് ഗ്രാഫിക്‌സ്, ടെലികമ്യൂണിക്കേഷന്‍ സിസ്റ്റം, റഡാര്‍ തിയറി തുടങ്ങിയ ചില സാങ്കേതിക പഠനമേലകള്‍ നിര്‍ബന്ധമായും ഈ കാലയളവില്‍ പഠിച്ചിരിക്കണം.
പ്രായപരിധി 26 ആണ് പുരുഷന്മാര്‍ക്ക് 157.5 സെ.മീ., വനിതകള്‍ക്ക് 152 സെ.മീ. ഉയരവും അതിനോട് യോജിക്കുന്ന ഭാരവും വേണം. അവശ്യമായ മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്
ഭരണനിര്‍വഹണം, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ്, വിദ്യാഭ്യാസം എന്നീ നാല് മേലകളിലായാണ് ഈ ബ്രാഞ്ചില്‍ എഫ്കാറ്റ് നടക്കുന്നത്. 60 ശതമാനം മാര്‍ക്കോടു കൂടി നേടിയ ബിരുദം, അഥവാ 50 ശതമാനത്തോടു കൂടിയ ബിരുദാനന്തര ബിരുദമാണ് ഭരണനിര്‍വഹണം, ലോജിസ്റ്റിക്‌സ് ബ്രാഞ്ച് യോഗ്യത. അക്കൗണ്ടിങിന് കോമേഴ്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. വിദ്യാഭ്യാസത്തിന് പി.ജി. യോഗ്യത ആവശ്യമാണ്. പ്രായപരിധിയും ശാരീരികക്ഷമതയും മറ്റും സാങ്കേതിക ബ്രാഞ്ചിന്റെതിന് തുല്യമാണ്.
പ്രവേശനം
കേന്ദ്രഗവണ്മെന്റ് സേവന ചട്ടങ്ങളനുസരിച്ചുള്ള പെര്‍മനന്റ് കമ്മീഷന്‍, 14 വര്‍ഷം നീളുന്ന ഷോര്‍ട്ട് കമ്മീഷന്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് ഈ മേലയില്‍ പ്രവേശനം നടത്തുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ (കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്) നടത്തപ്പെടുന്ന എഫ്കാറ്റ് പ്രവേശനപ്പരീക്ഷയില്‍ വിജയിക്കുന്നവരെ പിന്നീട് ഡെറാഡൂണ്‍, മൈസൂരു, ഗാന്ധിനഗര്‍, വാരണാസി തുടങ്ങിയ കേന്ദ്രങ്ങളില്‍ മറ്റ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കും. 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഫ്കാറ്റില്‍ വെര്‍ബല്‍ന്യൂമറിക്കല്‍ അഭിരുചി, പൊതുബോധം, റീസണിങ്, മിലിട്ടറി അവബോധം എന്നിവ അളക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. രണ്ടാംഘട്ട പരീക്ഷ ഇന്റലിജന്‍സ്, സ്‌ക്രീനിങ്, മനശ്ശാസ്ത്ര മേലകളെ പരിശോധിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും
www.careerairforce.nic.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."