കുടിവെള്ള വിതരണത്തില്‍ അട്ടിമറി;വേലൂര്‍ പഞ്ചായത്തില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങി പോയി
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തിലെ ഭരണ സമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം. അടിയന്തിര യോഗത്തിന്റെ അപേക്ഷ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാതെ പഞ്ചായത്തിലെ കുടിവെള്ള വിതരണം അട്ടിമറിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോക്ക് നടത്തി.
വേലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലമാണ് കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ കുടിവെള്ളവിതരണം മുടങ്ങിയതെന്നാരോപിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങി പോക്ക് നടത്തിയത്. കുടിവെള്ളവിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെടാന്‍ കഴിഞ്ഞ എട്ടിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര ഭരണസമിതി യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തിരുന്നു.
ഇക്കാര്യത്തിലെ തുടര്‍ നടപടികളെ കുറിച്ച് പ്രതിപക്ഷ നേതാവ് ചോദിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്ത് സെക്രട്ടറി കുടിവെള്ളത്തിന് ഫണ്ട് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കാത്തതിലും പഞ്ചായത്ത് പ്രസിഡന്റ് തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിപക്ഷം കുറ്റപ്പെടുത്തി.
തുടര്‍ന്ന് കുടിവെള്ള വിതരണ നടപടികളില്‍ വീഴ്ച വരുത്തിയ പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പി.കെ ശ്യാംകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന രാമചന്ദ്രന്‍, അംഗങ്ങളായ എല്‍സി ഔസേഫ്, ഡെയ്‌സി ഡേവീസ്, എന്‍.ഡി സിമി, ശ്രീജ നന്ദന്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.
കുടിവെള്ള വിതരണത്തിന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിക്കുന്നതെന്നും പദ്ധതിയിലെ അറ്റകുറ്റപണികള്‍ നടത്താതെ ഇവര്‍ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്നും വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം അബ്ദുള്‍ റഷീദ് പറഞ്ഞു.
കുടിവെള്ള വിതരണത്തിനായി 10 ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടം അഞ്ച് ലക്ഷം രൂപയും രണ്ടാം ഘട്ടം മൂന്നു ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
അതോടൊപ്പം വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തിരമായി രണ്ട് ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. വാര്‍ഡുകളിലുള്ള കുടിവെള്ള പദ്ധതിയിലെ അറ്റകുറ്റപണികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുക പ്രതിപക്ഷ അംഗങ്ങള്‍ ഇതുവരെയും ചെലവഴിച്ചിട്ടില്ല.
10 ലക്ഷം രൂപ മുഴുവനായി ചെലവഴിച്ചാല്‍ മാത്രമേ അധിക ഫണ്ടിനായ് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അനാവശ്യ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കമ്മറ്റി യോഗത്തിന് ശേഷം അനുവദനീയമായ ഫണ്ട് ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."