മരടില്‍ വീണ്ടും കോണ്‍ഗ്രസ് വിമതന് വൈസ് ചെയര്മാന്
മരട്: കോണ്‍ഗ്രസ് വിമതരുടെപിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന മരട് നഗരസഭയില്‍ നിലവിലെ കൗണ്‍സിലിലെ നാലാമത്തെ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന് ബോബന് നെടുംപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ച റിട്ടേണിങ് ഓഫീസറുടെ നടപടി പ്രതിഷേധത്തിനിടയാക്കി. ഇതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും മധ്യമ പ്രവര്‍ത്തകരെ കൗണ്‍സില്‍ ഹാളില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ റിട്ടേണിങ് ഓഫീസര്‍ മാധ്യമ പ്രവര്‍ത്തകരെ തടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടപടിയുടെ ഭാഗമായി ബാലറ്റ് പേപ്പര്‍ കൗണ്‍സിലര്‍മാരുടെ സീറ്റില്‍ തന്നെ നല്കിയ റിട്ടേണിങ് ഓഫിസറുടെ നടപടിയെ എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആദ്യം നല്കിയ ബാലറ്റ് പേപ്പര്‍ പിന്‍വലിച്ച ശേഷം രണ്ടാമത് നല്‍കുകയായിരുന്നു. റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ആയിരുന്നു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
മുപ്പത്തിമൂന്നംഗ നഗരസഭ കൗണ്‍സിലില്‍ രണ്ട് കോണ്‍ഗ്രസ് വിമതര്‍ ഉള്‍പ്പെടെ പതിനേഴ് പേരാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. എല്‍.ഡി.എഫിലെ കെ.എ ദേവസിയാണ് വൈസ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചത്. എല്‍.ഡി.എഫ് ചേരിയല്‍ ഒരു സ്വതന്ത്ര ഉള്‍പ്പെടെ പതിനാറ് പേരാണുള്ളത്. എല്‍.ഡി എഫിലെ ഐ.എന്‍.എല്‍. അംഗം ജമീല മുഹമ്മദ് ഹജ്ജിന് പോയിരിക്കന്നതിനാല് പങ്കെടുത്തില്ല. ബോബന് പതിനേഴ് വോട്ടും ദേവസിക്ക് പതിനഞ്ച് വോട്ടും ലഭിച്ചു. ധാരണ പ്രകാരം മുന്‍ വൈസ് ചെയര്മാന് നല്കിയ കാലയളവിന് ശേഷം യു.ഡി.എഫിലെ ജിന്സണ് പീറ്റര്‍ അഞ്ചാം വൈസ് ചെയര്‍മാനാകുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."