ജലശേഖരം ചരിത്രത്തിലെ കുറഞ്ഞ നിലയില്‍; ജാഗ്രതയോടെ കെ.എസ്.ഇ.ബി
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ഈ സീസണിലെ ജലശേഖരം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയില്‍. സംഭരണശേഷിയുടെ 11.65 ശതമാനം വെള്ളം മാത്രമാണ് ഇന്നലത്തെ കണക്കുപ്രകാരം എല്ലാ അണക്കെട്ടുകളിലുമായി ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 40.37 ശതമാനം വെള്ളമുണ്ടായിരുന്നു.
ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ 515.64 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വരെ ഒഴുകിയെത്തിയത് 87.55 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്.
സാധാരണഗതിയില്‍ സംസ്ഥാനത്തൊട്ടാകെ ജൂണില്‍ ലഭിക്കേണ്ട മഴ ശരാശരി 800 മി.മീ. ആണ്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വൈകിട്ട് 5 വരെ ലഭിച്ചത് 263.3 മി.മീ. മാത്രം. 398.5 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. അതായത് 41 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അണക്കെട്ടുകളുടെ നാടായ ഇടുക്കിയില്‍ മഴയുടെ കണക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. 49 ശതമാനം മഴക്കുറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 5 ശതമാനം ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍ ഇങ്ങനെയാണ്. കൊല്ലം 44, ആലപ്പുഴ 20, പത്തനംതിട്ട 35, കോട്ടയം 27, എറണാകുളം 39, തൃശൂര്‍ 48, പാലക്കാട് 41, മലപ്പുറം 47, കോഴിക്കോട് 20, വയനാട് 55, കണ്ണൂര്‍ 46, കാസര്‍കോട് 57 ശതമാനം . തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി മൂന്നര ആഴ്ച പിന്നിടുമ്പോഴാണ് മഴയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കനത്ത മഴയും പ്രളയവും മൂലം എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞ വര്‍ഷത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്നതും ശ്രദ്ധേയമാണ്. 2017 ല്‍ സാഹചര്യം സമാനമായിരുന്നെങ്കിലും അന്ന് 11.73 ശതമാനം വെള്ളമുണ്ടായിരുന്നു. മാത്രവുമല്ല ജൂണ്‍ പകുതി മുതല്‍ മഴ ലഭിക്കുകയും നീരൊഴുക്ക് ശക്തിപ്പെടുകയും ചെയ്തിരുന്നു.
2016 ല്‍ 22.56, 2015ല്‍ 23.63 ശതമാനവുമായിരുന്നു ഇതേ സമയത്തെ ജലശേഖരം. നിലവില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് 482.747 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമ്പോള്‍ ഇതില്‍ 323.184 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും ഇടുക്കി ഡാമിലാണ്. 14.6 ശതമാനമാണ് ഇടുക്കിയിലെ ജലശേഖരം.
മറ്റ് പ്രധാനപ്പെട്ട സംഭരണികളിലെല്ലാം 10 ശതമാനത്തിലും താഴെയാണ് ജലനിരപ്പ്. പമ്പ 8, കക്കി 8, ഷോളയാര്‍ 9, ഇടമലയാര്‍ 8, മാട്ടുപ്പെട്ടി 7 ശതമാനം എന്നിങ്ങനെയാണ് ജലശേഖരം.
പുറം വൈദ്യുതി വാങ്ങുന്നത് കൂട്ടി
തൊടുപുഴ: ചെറിയ ഇടവേളയ്ക്ക് ശേഷം ഉപയോഗം ഉയര്‍ന്നതോടെ പുറം വൈദ്യുതിയുടെ അളവ് ഉയര്‍ത്തി.
60.962 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ പുറത്തുനിന്നും എത്തിച്ചു. 10.27494 ദശലക്ഷം യൂനിറ്റ് 2.72 രൂപ നിരക്കിലാണ് ലഭിച്ചത്. 14.576 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ആഭ്യന്തര ഉല്‍പാദനം വീണ്ടും കുറച്ച് പുറം വൈദ്യുതി ഇനിയും കൂട്ടേണ്ടി വരും. മഴയെത്തുന്നത് വരെ ഇത്തരത്തില്‍ വൈദ്യുതി വാങ്ങാനാണ് ബോര്‍ഡിന്റെ തീരുമാനം.
ഒരാഴ്ചയിലധികം ശക്തമായ മഴ ലഭിച്ചെങ്കില്‍ മാത്രമേ നീരൊഴുക്കില്‍ കാര്യമായ വര്‍ധനവുണ്ടാവൂ. അതീവ ജാഗ്രതയോടെയാണ് കെ.എസ്.ഇ.ബി കാര്യങ്ങള്‍ നീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."