ബാങ്കിനെ കബളിപ്പിച്ച് പണം അപഹരിക്കാന്‍ ശ്രമം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍
മട്ടാഞ്ചേരി: ബാങ്കിനെ കബളിപ്പിച്ച് പണം അപഹരിക്കാന്‍ ശ്രമിച്ച രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയിലായി. എസ്.ബി.ഐ കല്‍വത്തി ശാഖയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയിലുള്ള പല്‍വാല്‍ ജില്ലയിലെ റിയാജ് ഖാന്‍ (27) , അമിന്‍ ഖാന്‍ (38) എന്നിവരെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. എ.ടി.എമ്മിനകത്ത് കയറിയ ഇരുവരും സി.സി.ടി.വി കാമറ മറച്ച് പിടിച്ചത് ബാങ്കിലെ ശുചീകരണ ജോലികള്‍ ചെയ്യുന്ന ജീവനക്കാരി കാണുകയും വിവരം മാനേജരെ അറിയിക്കുകയുമായിരുന്നു. ഇരുവരുടെയും പ്രവൃത്തികളില്‍ സംശയം തോന്നിയ ബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ ഇവരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതോടെ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടുപേരെയും പിന്നീട് പൊലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.
ബന്ധുക്കള്‍ വഴി ഇവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. എ.ടി.എം കാര്‍ഡ് വഴി ഇത് പിന്‍വലിച്ച് മുഴുവന്‍ തുകയും എടുക്കാതെ കുറച്ച് പണം യന്ത്രത്തില്‍ തന്നെ വയ്ക്കും. ബാക്കി തുക എ.ടി.എമ്മിനകത്തേക്ക് തിരികെ പോകുമ്പോള്‍ പണം ലഭിച്ചില്ലെന്ന സന്ദേശം വരികയും ഇത് വഴി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടുകയുമാണ് രീതിയെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ ഇത് ഒരു കമ്പനി നിര്‍മിച്ച എ.ടി.എം മെഷീനില്‍ മാത്രമേ സാധ്യമാകുകയുള്ളൂവെന്നും മറ്റ് എ.ടി.എമ്മുകളില്‍ കിട്ടില്ലെന്നും പ്രതികള്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ എ.ടി.എമ്മില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പത്തോളം എ.ടി.എമ്മുകളില്‍ നിന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."