പകര്‍പ്പവകാശ ലംഘനം; അര്‍ണബ് ഗോസാമിക്കെതിരേ ടൈംസ് നൗ നിയമനടപടിക്ക്
മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസാമിക്കെതിരേ ടൈംസ് നൗ ചാനല്‍ നിയമനടപടിയിലേക്ക് നീങ്ങുന്നു. തങ്ങളുടെ പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ചാണ് പുതുതായി സംപ്രേഷണം ആരംഭിച്ച റിപബ്ലിക് ടി.വി സ്ഥാപകന്‍ ഗോസാമിക്കും റിപബ്ലിക് മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരേ പൊലിസില്‍ പരാതി നല്‍കിയത്.
ടൈംസ് മാധ്യമ ശൃംഖലകളുടെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ്(ബി.സി.സി.എല്‍) ആണ് മുംബൈയിലെ ആസാദ് മൈതാന്‍ പൊലിസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചത്. മോഷണം, വിശ്വാസലംഘനം, ബൗദ്ധിക സ്വത്തുക്കളുടെ അപഹരണം തുടങ്ങിയ ആരോപണങ്ങളാണ് റിപബ്ലിക് ടി.വിക്കെതിരേ ടൈംസ് ഗ്രൂപ്പ് ഉന്നയിച്ചിരിക്കുന്നത്.
റിപബ്ലിക് സംപ്രേഷണം ആരംഭിച്ച കഴിഞ്ഞ ആറുമുതല്‍ എട്ടുവരെയായി നിരവധി തവണ പകര്‍പ്പാവകാശം ലംഘിച്ചതായാണ് പരാതി. ടൈംസ് ഗ്രൂപ്പിനു കീഴിലുള്ള ടൈംസ് നൗ ഇംഗ്ലീഷ് ന്യൂസ് ചാനലില്‍ മുന്‍പ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഗോസാമി അതില്‍നിന്നു രാജിവച്ചാണ് പുതിയ ചാനല്‍ തുടങ്ങിയത്. ആദ്യ ദിവസം റിപബ്ലിക് ചാനല്‍ പുറത്തുവിട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മുന്‍ എം.പി ശഹാബുദ്ദീനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ടൈംസ് നൗവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തയാറാക്കിയതാണെന്നും ഇത് പകര്‍പ്പാവകാശം ലംഘിച്ച് പുറത്തുവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എട്ടിന് ചാനല്‍ പുറത്തുവിട്ട ശ്രീദേവിയും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഭാര്യ സുനന്ദ പുഷ്‌കറും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ടൈംസ് നൗവിനു വേണ്ടി ശ്രീദേവി തയാറാക്കിയതാണെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."