മോയിന്‍കുട്ടി സാഹിബ് ബഹ്റൈനിലെത്തിയ ഓര്‍മ്മകളുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍
മനാമ: നാട്ടില്‍ അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി. മോയിൻകുട്ടി സാഹിബ് ബഹ്റൈന്‍ സന്ദര്‍ശിച്ച ഓര്‍മ്മകളിലാണ് ബഹ്റൈനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍.
2018ല്‍ ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അവസാനമായി അദ്ദേഹം ബഹ്‌റൈനിലെത്തിയത്.
കെ.എം.സി.സിയുമായി ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം അന്ന് കണ്ടുമുട്ടിയവരോടെല്ലാം സ്നേഹത്തോടെ സംസാരിച്ചതും അപരിചതരോട് പോലും കുശലാന്വേഷണങ്ങള്‍ നടത്തിയതും പ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. പ്രഭാഷണ പരിപാടി കഴിഞ്ഞ് രാത്രി വൈകിയും പ്രവര്‍ത്തകരുമായി ഏറെ സമയം ചിലവഴിച്ചാണ് അദ്ദേഹം അന്ന് നാട്ടിലേക്ക് മടങ്ങിയത്. നിരവധി പേര്‍ക്ക് അന്ന് ഗ്രൂപ്പ് ഫോട്ടോക്കും സെല്‍ഫിക്കും അദ്ദേഹം അവസരം നല്‍കിയിരുന്നു. തിങ്കളാഴ്ച ബഹ്റൈന്‍ സമയം പുലര്‍ച്ചെ മരണ വിവരം അറിഞ്ഞതു മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് പ്രവര്‍ത്തകര്‍ അവരുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.
മോയിന്‍ കുട്ടി സാഹിബിന്‍റെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനമറിയിച്ചു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച പ്രഭാഷകരിൽ ഒരാളായിരുന്ന മോയിൻകുട്ടി സാഹിബ് പാർട്ടിക്ക് അകത്തും പുറത്തും ജനപ്രിയ നേതാവായിരുന്നുവെന്ന് സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
തന്റെ ജീവിതം പോലും മുഴുനീളം സമൂഹത്തിനും സമുദായത്തിനും നീക്കിവച്ച അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്റെ തന്നെ തീരാ നഷ്ടമാണ്.
തന്റെ പ്രവർത്തനശൈലിയിലൂടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനപ്പുറം ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക മേഖലയിൽ സജീവമായിരുന്ന അദ്ദേഹം മറ്റു രാഷ്ട്രീയ നേതാക്കൾക്കും സ്വീകാര്യനായിരുന്നു. ഓരോ പ്രവർത്തകരുടെയും ഉള്ളറിഞ്ഞായിരുന്നു മോയിൻ കുട്ടി സാഹിബ് പ്രവർത്തിച്ചിരുന്നത്.
പ്രവാസികളുടെ വിഷയങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നിൽ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു. ഒരു നേതാവിന് വേണ്ട സകല ഗുണങ്ങളും ഒത്തുചേർന്ന മഹാപ്രതിഭയായിരുന്നു മോയിൻകുട്ടി സാഹിബ്. തന്റെ മുന്നിലെത്തുന്ന ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിവുള്ള പരിണിതപ്രജ്ഞനായ മധ്യസ്ഥനായും
ഏറ്റവും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകൻ മുതൽ സമുന്നത നേതാക്കൾ വരെയുള്ളവരുമായി ഒരുപോലെ ഇടപഴകുന്ന അസാമാന്യ നേതൃത്വപാഠവമുള്ള നേതാവുമായിരുന്ന അദ്ദേഹത്തിന്റെ വിടവ് നികത്താൻ കഴിയാത്തതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."