പ്രളയം: 215.35 മെട്രിക്ക് ടണ്‍ കാലിത്തീറ്റ വിതരണം ചെയ്തു
തൃശൂര്‍: ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയബാധിത മേഖലകളിലെ കന്നുകാലികള്‍ക്കായി വിതരണം ചെയ്തത് 215.35 മെട്രിക്ക് ടണ്‍ കാലിത്തീറ്റ.
ഓഗസ്റ്റ് 18 മുതലാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കിയത്. ഇതിനുപുറമേ കേരള ഫീഡ്‌സിന്റെ 33 ലക്ഷം രൂപയുടെ 14 കിലോഗ്രാം തൂക്കമുള്ള 850 ടോട്ടല്‍ മിക്‌സ്ഡ് റേഷന്‍ ബാഗുകള്‍ വിതരണം ചെയ്തു.
12 മെട്രിക്ക് ടണ്‍ വരും ഇതിന്റെ ആകെ തൂക്കം. 60 കിലോ തൂക്കം വരുന്ന 3300 കാലിത്തീറ്റ ബാഗുകളും ഇതുവരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ പ്രളയബാധിത മേഖലകളിലായി കാലികള്‍ക്കു ആവശ്യാനുസരണം തീറ്റ ലഭ്യമാക്കാന്‍ വകുപ്പിനു സാധിച്ചിട്ടുണ്ട്.
പശു, ആട്, പോത്ത് ഉള്‍പ്പെടെ എകദേശം 34620 കന്നുകാലികള്‍ക്കാണു പ്രധാനമായും തീറ്റ ലഭ്യമാക്കിയത്. സംസ്ഥാന മൃഗസംരക്ഷണവകുപ്പിനു പുറമേ തമിഴ്‌നാട് സര്‍ക്കാര്‍, നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡ്, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയും പ്രളയം ബാധിച്ച സ്ഥലങ്ങളിലെ കന്നുകാലികള്‍ക്കാവശ്യമായി കാലിത്തീറ്റ ലഭ്യമാക്കി.
നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡ് 1007 കാലിത്തീറ്റ ബാഗുകളാണ് ജില്ലയില്‍ വിതരണം ചെയ്യാനായി എത്തിച്ചത്. കൃഷിവകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളും മൃഗങ്ങള്‍ക്ക് ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുന്നതില്‍ പങ്കുവഹിച്ചു. കേരള സ്‌റ്റേറ്റ് സീഡ് ഫാം ആവശ്യമായ വൈക്കോല്‍ ലഭ്യമാക്കി. ചാലക്കുടി, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ് എന്നി റീജിണല്‍ ആനിമല്‍ ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് കാലിത്തീറ്റ മൃഗാശുപത്രികളിലേക്ക് എത്തിച്ചതും കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതും.
കാലിത്തീറ്റ വിതരണത്തിന്റെ താലൂക്ക്തല കോ-ഓര്‍ഡിനേഷനും റീജിണല്‍ ആനിമല്‍ ഹെല്‍ത്ത് സെന്ററുകളിലൂടെ നടത്താന്‍ സാധിച്ചു. നിലവില്‍ ജില്ലയിലെ എല്ലാ പ്രളയബാധിത പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്കാവശ്യമായ കാലിത്തീറ്റ ഇപ്പോഴുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."