'ഭരണകൂടത്തെ പേടിച്ച് എഴുതാതിരിക്കാനാകില്ല'
തൃശൂര്‍: ഭരണകൂടത്തെയും പൊലിസിനെയും പേടിച്ച് പുസ്തകം എഴുതാതിരിക്കാനാകില്ലെന്ന് സാറാ ജോസഫ്. കറന്റ് ബുക്‌സിനെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരേ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാറിന്റെ അനുവാദം കിട്ടിയിട്ട് ആരും പുസ്തകമെഴുതിയതായി അറിയില്ല. എഴുത്തുകാര്‍ക്ക് കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രസാധകര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സാറാ ജോസഫ് പറഞ്ഞു. ജേക്കബ് തോമസ് അദ്ദേഹത്തിന്റെ ആത്മകഥയാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉള്ളടക്കം ഭരണകൂടത്തെ പേടിപ്പിച്ചിരിക്കുന്നതിന്റെ തെളിവാണ് ഇത്തരം നടപടികള്‍. ലളിതകലാ അക്കാദമി കാര്‍ട്ടൂണില്‍ മതനിന്ദ നടത്തിയിട്ടില്ല. ഫ്രാങ്കോയെന്ന വ്യക്തിയെയാണ് കാര്‍ട്ടൂണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അക്കാദമിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. ഇത് പുനഃപരിശോധിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നത് നാണക്കേടാണ്. ക്രിസ്ത്യന്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം നിലപാട് സര്‍ക്കാരെടുക്കുന്നത്. വോട്ടുബാങ്ക് നോക്കിയാല്‍ ഇടതുപക്ഷമില്ലാതാകുമെന്നും സാറാ ജോസഫ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."