വാറില്‍ തട്ടി ബ്രസീല്‍ നിന്നു
സാല്‍വദോര്‍: കോപാ അമേരിക്കയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിന് സമനില. മത്സരത്തില്‍ രണ്ട് ഗോളുകള്‍ ബ്രസീല്‍ നേടിയെങ്കിലും വാര് ഗോള്‍ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വെനസ്വലയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ശക്തമായ പ്രതിരോധവുമായി നിലയുറപ്പിച്ചപ്പോള്‍ മത്സരം പലപ്പോഴും വിരസമായി. വെനസ്വലന്‍ പ്രതിരോധ നിര ഉറച്ച് നിന്നതോടെ ബ്രസീല്‍ മുന്നേറ്റനിരക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
രണ്ടാം പകുതിക്ക് ശേഷം പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റി താരം ജീസസ് എത്തിയതോടെയാണ് മത്സരത്തിന് അല്പം ജീവന് വച്ചത്. ശക്തമായ മുന്നേറ്റത്തിനൊടുവില്‍ ജീസസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര് പരിശോധനയിലൂടെ ഗോള്‍ നിഷേധിക്കുകയായിരുന്നു.
87-ാം മിനുട്ടില്‍ കുട്ടീഞ്ഞോയും പന്ത് വലയിലെത്തിച്ചു. പക്ഷെ ഇത്തവണയും വാര് പ്രതികൂല വിധി നല്‍കിയതോടെ ബ്രസീല്‍ ടൂര്‍ണമെന്റിലെ ആദ്യ സമനിലയുമായി മത്സരം അവസാനിപ്പിച്ചു. ഇതോടെ ഒരു പോയിന്റ് കൂടി നേടിയ ബ്രസീല്‍ ഗ്രൂപ്പ് എ യില്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള പെറുവിനും നാല് പോയിന്റാണെങ്കിലും ഗോള്‍ വിത്യാസത്തില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ പെറുവിനെതിരേ സമനില നേടിയാലും ബ്രസീലിന് രണ്ടാം റൗണ്ടില്‍ അനായാസം പ്രവേശിക്കാനാകും. മറ്റൊരു മത്സരത്തില്‍ പെറു 3-1 എന്ന സ്കോറിന് ബൊളീവിയയെ പരാജയപ്പെടുത്തി. അക്രമിച്ച് കളിച്ച പെറു അര്‍ഹിക്കുന്ന ജയമായിരുന്നു നേടിയത്. തുടക്കത്തില്‍ മൊറേനോ നേടിയ പെനാല്‍ട്ടിയില്‍ ബൊളീവിയയായിരുന്നു ആദ്യം ഗോള്‍ നേടിയത്. പിന്നീട് പെറു തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനം ഗുറേറോ പെറുവിന് സമനില ഗോള്‍ നേടിക്കൊടുത്തു. ര@ണ്ടാം പകുതിയില്‍ ഫര്‍ഫാനും ഫ്ലോറസും നേടിയ ഗോളിലായിരുന്നു പെറുവിന്റെ ജയം ഉറപ്പിച്ചത്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ സുവാരസും സംഘവും രണ്ടാം മത്സരത്തിനിറങ്ങും. ജപ്പാനെയാണ് രണ്ടാം മത്സത്തില്‍ ഉറുഗ്വെ നേരിടുന്നത്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നാല് ഗോളിന് തുരത്തിയ ആത്മവിശ്വാസത്തിലാണ് ഉറുഗ്വെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. പുലര്‍ച്ചെ 4.30നാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് ഉറുഗ്വെ ഉള്ളത്. ചിലി ഒന്നാം സ്ഥാനത്തുമാണുള്ളത്. അതേ സമയം ആദ്യ മത്സരത്തില്‍ ചിലിയോട് എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ട ജപ്പാന് ഇന്ന് ആത്മാഭിമാനത്തിന്റെ പോരാട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."