കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി പൊലിസ് കണ്ണൂരില്‍ തെളിവെടുപ്പ് നടത്തി
ചാവക്കാട്: ഖത്തറില്‍ കുറഞ്ഞനിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം നല്‍കി ചാവക്കാട്ടെ മൂന്ന് സഹോദരന്മാരുള്‍പ്പടെ നിരവധി പ്രവാസികളില്‍നിന്നായി മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയ പ്രതികളിലൊരാളുമായി ചാവക്കാട് പൊലിസ് തെളിവെടുപ്പ് നടത്തി.
കണ്ണൂര്‍ ചെറുപുഴക്കടുത്ത് അരിയിരുത്തി അലവേലി ഷമീര്‍ മുഹമ്മദ്, അനുജന്‍ ഷമീം മുഹമ്മദ് എന്നിവര്‍ പ്രതികളായ കേസില്‍ ചാവക്കാട് പാലയൂര്‍ പുതുവീട്ടില്‍ മുഹമ്മദിന്റെ മക്കളായ ജാഫര്‍ സാദിഖ് (44), ഷംസാദ് (38), ശിഹാസ് (33) എന്നിവരുടെ 88 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേസെടുത്താണ് പൊലിസ് അന്വേഷണം ആരംഭിച്ചത്.
തട്ടിപ്പിനിരയായ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായയതും റിമാന്‍ഡ് ചെയ്യപ്പെട്ടതും. പിന്നീട് ജാഫര്‍ സാദിഖും സഹോദരങ്ങളും ചാവക്കാട് പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസിലെ രണ്ടാം പ്രതി ഷമീം മുഹമ്മദിനെ തിങ്കളാഴ്ച്ചയാണ് ചാവക്കാട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ചാവക്കാട് സി.ഐ ജി. ഗോപകുമറിന്റെ നിര്‍ദേശപ്രകാരം ഇയാളുമായി എസ്.ഐ എ.വി രാധാകൃഷ്ണന്‍, എ.എസ്.ഐമാരായ അനില്‍ മാത്യു, സാബു രാജ് എന്നിവരാണ് കണ്ണൂരില്‍ തെളിവെടുപ്പിനു പോയത്.
ചെറുപുഴയില്‍ പ്രതികളുടെ ഉടമസ്ഥതയിലുള്ള സൈബര്‍ പാലസ് നെറ്റ് കഫെയിലും പരിശോധന നടത്തി. ഇവിടെയുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഉകരണങ്ങളും രേഖകളും പൊലിസ് സംഘം പരിശോധിച്ചു.
തട്ടിപ്പിന് ഇരയായവര്‍ പ്രതികളുടെ നാട്ടിലേക്ക് പണമയച്ച ബാങ്കുകളുള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ കയറി ഇവര്‍ക്ക് വന്നതും പിന്‍വലിച്ചതുമായ പണത്തത്തിന്റെ രേഖകളും പരിശോധിച്ചതായി എസ്.ഐ രാധാകൃഷണന്‍ അറിയിച്ചു.
ഇന്ന് രാവിലെ പ്രതി ഷമീമുമായി സംഘം ചാവക്കാട്ടെത്തും. കേസിലെ മുഖ്യപ്രതി ഷമീറും കണ്ണൂരില്‍ റിമാന്‍ഡിലാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ശനിയാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."