സ്വര്‍ണം തട്ടിയെടുത്ത സംഭവം: അക്രമിസംഘത്തെക്കുറിച്ച് സൂചന ലഭിച്ചു
ചാലക്കുടി: നെടുമ്പാശേരിയില്‍നിന്ന് സ്വര്‍ണവുമായി പോവുകയായിരുന്ന രണ്ടുപേരെ അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഘത്തെക്കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകലെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വ്യക്തത വന്നത്. പ്രതികളുടെ ഒളികേന്ദ്രത്തെ കുറിച്ചും പൊലിസിന് അറിവ് ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.
അക്രമിസംഘത്തില്‍ അഞ്ച് പേരുണ്ടെന്നതും ഉറപ്പായി. എയര്‍പോര്‍ട്ടില്‍നിന്ന് കൊണ്ടുവരികയായിരുന്ന 560 ഗ്രാം സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് കാര്‍ മാര്‍ഗം സ്വര്‍ണവുമായി കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന ഉവയ്‌സും ഹര്‍ഷാദുമാണ് അക്രമണത്തിനിരയായത്. ഇവരുടെ കാറിന് പുറകില്‍ അക്രമിസംഘം കാറിടിച്ച് അപകടം സൃഷ്ടിച്ച് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് ഇവര്‍ പൊലിസില്‍ നല്‍കിയ പരാതി.
പോട്ട മേല്‍പാലത്തിനടുത്ത് വച്ച് ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം. ഇവരുടെ പരാതിയനുസരിച്ച് കൊച്ചിയില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. കണ്ണൂര്‍ സ്വദേശി ദുബൈയില്‍നിന്ന് നെടുമ്പാശേരിയിലെത്തി സ്വര്‍ണം കൈമാറിയെന്നാണ് പരാതിക്കാര്‍ നല്‍കുന്ന വിവരം. സ്വര്‍ണം കൈപറ്റിയതിനു ശേഷം ഇവരുടെ കാറില്‍ സ്വര്‍ണം കൊണ്ടുവന്നയാളെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടിറക്കിയാണ് ഇവര്‍ കൊടുവള്ളിയിലേക്ക് മടങ്ങിയതെന്നും പറയുന്നു.
എന്നാല്‍ പരാതിക്കാര്‍ നല്‍കുന്ന വിവരങ്ങളില്‍ വൈരുദ്ധ്യമുള്ളതായും പൊലിസ് സംശയിക്കുന്നു. ഒരു പൊതിയാണ് അക്രമിസംഘം തട്ടിയെടുത്തുവെന്നാണ് ആദ്യം പരാതിക്കാര്‍ പറഞ്ഞിരുന്നത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് പൊതിയില്‍ സ്വര്‍ണമായിരുന്നുവെന്ന് ഇവര്‍ പറയുന്നത്. പരാതിക്കാര്‍ കുഴല്‍പണ മാഫിയ സംഘത്തിലെ കണ്ണികളാണെന്നാണ് ഇപ്പോഴും പൊലിസിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."