ജാമ്യമില്ല; അര്‍ണബ് ജയിലില്‍ തുടരും
മുംബൈ: ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്ക് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല.
അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി, കീഴ്ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. നാലുദിവസത്തിനുള്ളില്‍ ജാമ്യത്തില്‍ തീരുമാനം ഉണ്ടാവണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള അര്‍ണബിന്റെ ഹരജി ജസ്റ്റിസുമാരായ എസ്.എസ് ഷിന്ദേയും എം.എസ് കാര്‍ണിക്കും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
കേസില്‍ അറസ്റ്റിലായ ഫിറോസ് ശെയ്ഖ്, നിതിഷ് ശാര്‍ദ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ശനിയാഴ്ച വാദം കേട്ട ശേഷം വിധി പറയാന്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ അലിബാഗിലെ സെഷന്‍സ് കോടതിയില്‍ അര്‍ണബ് ജാമ്യാപേക്ഷ നല്കി. ബുധനാഴ്ചയാണ് സ്വന്തം വസതിയില്‍നിന്ന് അര്‍ണബിനെ അലിബാഗ് പൊലിസ് അറസ്റ്റ് ചെയ്തത്. അതുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അദ്ദേഹം. കസ്റ്റഡിയില്‍ ഇരിക്കവെ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അര്‍ണബിനെ അലിബാഗിലെ ക്വാറന്റൈന് കേന്ദ്രത്തില്‍നിന്ന് തലോജ ജയിലിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."