വിവരാവകാശ അപേക്ഷയില്‍ മറുപടിയില്ല: വിരമിച്ച സപ്ലൈ ഓഫിസര്‍ക്ക് പിഴ
മുള്ളൂര്‍ക്കര: വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്ത്തകന് ആവശ്യപ്പെട്ട ചോദ്യത്തിനു യഥാസമയം മറുപടി നല്‍കാതിരുന്നതിനു സര്‍വിസില്‍ നിന്നു വിരമിച്ച സപ്ലൈ ഓഫിസര്‍ക്ക് പിഴ.
ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫിസറായിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ പുലാക്കല്‍ നിഷാന മന്‍സിലില്‍ ടി.പി സുലൈഖയ്ക്കാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്റ് എം. പോള്‍ 2000 രൂപ പിഴ ചുമത്തിയത്. മുള്ളൂര്‍ക്കര പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി ചുങ്കോണത്ത് വീട്ടില്‍ സി.എസ്.നൗഫലിന്റെ പരാതി പ്രകാരമാണ് നടപടി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴില്‍ ഷൊര്‍ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങള്‍ക്കു ഉത്തരമാണ് നൗഫല്‍ ആവശ്യപ്പെട്ടിരുന്നത്. 2013 മെയ് 23നായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും വിവരങ്ങള്‍ ലഭ്യമായില്ലെന്നും റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം റിപ്പോര്‍ട്ട് യഥാസമയം നല്കാന് സാധിച്ചില്ലെന്നുമായിരുന്നു ഓഫിസറുടെ വിശദീകരണം.
ഇത് വിവരാവകാശ കമ്മിഷണര്‍ തള്ളി. സര്‍വിസില്‍ നിന്നു വിരമിച്ചുവെന്ന വാദവും അംഗീകരിച്ചില്ല. സര്‍വിസില്‍ നിന്നു വിരമിച്ചാലും വിവരാവകാശ കമ്മിഷന്റെ നിയമപരിധിയില്‍ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടുമെന്നും കമ്മിഷണറുടെ വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."