പരീക്ഷാ ക്രമക്കേടില്‍ ആടിയുലഞ്ഞ് ബിഹാറും ഝാര്‍ഖണ്ഡും
ബിഹാറില്‍ ആര്‍ട്‌സ് വിഷയത്തില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ റൂബി റായിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു: ''എന്താണ് പൊളിറ്റിക്കല്‍ സയന്‍സ്.'' റാങ്കുകാരി ആദ്യം സംശയരൂപേണ ചോദ്യകര്‍ത്താവിനെ നോക്കി. ജാള്യത്തോടെ ഒന്നുചിരിച്ച് 'ഇതെല്ലാവര്‍ക്കുമറിയാവുന്നതല്ലേ'യെന്നു മറുപടി നല്‍കി.
'ടിവിക്കുവേണ്ടിയാണ് ക്യാമറയില്‍ നോക്കി ഒന്നുപറഞ്ഞാട്ടെ'യെന്നായി മാധ്യമപ്രവര്‍ത്തകന്‍. വീണ്ടും ചിരി. അടുത്തിരിക്കുന്ന ആരെയൊക്കെയോ മാറിമാറിനോക്കിയ ഒന്നാംറാങ്കുകാരി മറുപടി പറഞ്ഞു: ''പാചകകലയെപ്പറ്റിയാണു പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്നത്.''
മാധ്യമപ്രവര്‍ത്തകര്‍ പിന്നീടൊന്നും ചോദിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. കാര്യങ്ങള്‍ വ്യക്തം. ഈ വീഡിയോ പിന്നീടു വിവാദമായി. ഒന്നാംറാങ്കുകാരി എന്തുകൊണ്ട് അങ്ങനെ മറുപടി പറഞ്ഞുവെന്ന് ഉന്നതതലത്തില്‍ നല്ലവരായ ഉദ്യോഗസ്ഥര്‍ ചര്‍ച്ചചെയ്തു. നാറ്റക്കേസായതിനാല്‍ നടപടി ഉണ്ടാവണമല്ലോ. മാത്രമല്ല, ജനങ്ങള്‍ക്കു വന്‍വാഗ്ദാനം നല്‍കി അധികാരത്തിലേറിയ നിതീഷ്‌കുമാറിന്റെ മുഖംരക്ഷിക്കുകയും വേണം.
റാങ്ക് തടഞ്ഞു. വിദഗ്ധസമിതി രൂപീകരിച്ചു. പുനഃപരീക്ഷ നടത്തി. റൂബിറായ് അസുഖമാണെന്നു പറഞ്ഞു പരീക്ഷയെ വെട്ടിച്ചു. തുടര്‍ന്നു റൂബിക്ക് മാത്രമായി പരീക്ഷനടത്താന്‍ തീരുമാനിച്ചു. അതിനുമെത്തിയില്ല. തുടര്‍ന്നു വിദഗ്ധസമിതിക്കു മുന്‍പാകെ ഹാജരാകണമെന്നു നിര്‍ദേശിച്ചു. ഈ നിര്‍ദേശം അവള്‍ക്ക് അവഗണിക്കാന്‍ കഴിഞ്ഞില്ല. കാരണം, സംസ്ഥാനത്തെ വിജിലന്‍സുള്‍പ്പെടെ ഉന്നതാധികാരികളുടെ വിദഗ്ധസംഘമാണ് അവളെ കാത്തിരിക്കുന്നത്. അവളെത്തി. ചോദ്യംചെയ്യലായി. പിന്നീടു നാം കണ്ടത് പൊലിസെത്തി റൂബി റായിയെ അറസ്റ്റ് ചെയ്യുന്നതാണ്.
സയന്‍സ് ഒന്നാംറാങ്കുകാരന്റെ സ്ഥിതിയും വിഭിന്നമല്ലായിരുന്നു. വെള്ളവും എച്ച് 2 ഒയും തമ്മിലുള്ള ബന്ധമെന്തെന്നു മാത്രമേ സൗരഭ് കുമാറിനോടു ചോദിച്ചുള്ളൂ. അത് അയാള്‍ക്ക് അറിയില്ലായിരുന്നു. ബിഹാറിലെ 12ാം ക്ലാസ് പരീക്ഷയുടെ അവസ്ഥയാണിത്. പരീക്ഷയില്‍ ജയിച്ചവരും റാങ്ക് നേടിയവരുമെല്ലാം ഉന്നതബന്ധങ്ങളുള്ള പണച്ചാക്കുകളുടെ മക്കളായിരുന്നു. അവര്‍ക്കു കോപ്പിയടിക്കാന്‍ ഉദ്യോഗസ്ഥവൃന്ദം സൗകര്യമൊരുക്കി. പരീക്ഷാഭവനില്‍ ലക്ഷങ്ങള്‍ വിലപേശി റാങ്കുറപ്പിച്ചു. 15 ലക്ഷത്തിനു മേല്‍കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍പോലുമുണ്ടായിരുന്നു.
ബിഹാര്‍ വിദ്യാഭ്യാസബോര്‍ഡ് ചീഫ് ലാല്‍കേശ്വര്‍ സിങും ഭാര്യയും അറസ്റ്റ് ചെയ്യപ്പെട്ടു. തട്ടിപ്പുനടത്തിയ എല്ലാവരെയും തുറുങ്കിലടച്ചു. പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവരെല്ലാം ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി സര്‍ക്കാര്‍തലത്തില്‍ പണിതുടങ്ങിയേനേ. മുമ്പും ഇത്തരത്തിലുണ്ടായിട്ടുണ്ടാവും. ചികിത്സാപിഴവുകളും പാലങ്ങളുടെ തകര്‍ച്ചയും ഇത്തരക്കാര്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആയതിന്റെ സ്വാഭാവികപരിണാമമാണ്.
ബിഹാറിനു പിന്നാലെ ഝാര്‍ഖണ്ഡും
രാഷ്ട്രീയ കൊള്ളിവയ്പിനും കൊലപാതകത്തിനും ധാര്‍ഷ്ട്യത്തിനും പേരുകേട്ട, ഏറ്റവുംകൂടുതല്‍ ശൈശവ വിവാഹം നടക്കുന്ന, കാട്ടുനീതി പിന്തുടരുന്ന ബിഹാറില്‍ ഇതൊക്കെയേ പ്രതീക്ഷിക്കാവൂ. കാരണം ലാലുപ്രസാദ് യാദവിനെപ്പോലുള്ളവര്‍ അധികാരത്തിലിരുന്ന സംസ്ഥാനമാണത്. എന്നാല്‍, തൊട്ടടുത്ത സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ അതാണോ സ്ഥിതി. രഘുബര്‍ ദാസ് ഭരിക്കുന്ന ഝാര്‍ഖണ്ഡ് മറ്റു സംസ്ഥാനങ്ങളെ അമ്പരപ്പിച്ചു വിദ്യാഭ്യാസമേഖലയില്‍ മുന്നേറുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം അവിടെനിന്നുപുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ പൊള്ളവശം തുറന്നുകാട്ടുന്നതായി. ബിഹാറിലെ കുത്തഴിഞ്ഞ വിദ്യാഭ്യാസത്തെ വെല്ലുവിളിച്ച രഘുബര്‍ ദാസ് സ്വന്തം സംസ്ഥാനത്തെ വീഴ്ചകള്‍ കാണുന്നതേയില്ല.
പതിനൊന്നാംക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ വിഡിയോ പുറത്തുവന്നു. പരീക്ഷയ്ക്കല്ല ഏതോ സ്‌റ്റേജ് പരിപാടി വീക്ഷിക്കാനിരിക്കുന്നതുപോലെ ഒരു ബെഞ്ചില്‍ നാലോ അഞ്ചോ പേരിരുന്നാണു പരീക്ഷയെഴുതുന്നത്. അവര്‍ക്കുമുന്നില്‍ പുസ്തകങ്ങള്‍ തുറന്നുവച്ചിരിക്കുന്നു. ചിലരുടെ കൈയില്‍ കോപ്പികള്‍. അധ്യാപകര്‍ ഒന്നും കണ്ടില്ലെന്നമട്ടിലാണു നടക്കുന്നത്. ധന്‍ബാദിലെ ആര്‍.എസ് മൂര്‍ കോളജില്‍നിന്നുള്ള ദൃശ്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ക്ലാസിനകത്തു സ്ഥലംപോരാഞ്ഞു പുറത്തിരുന്നും വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നു. സ്ഥലമില്ലാത്തതാണു കാരണമെന്നാണു വിശദീകരണം.
ഗുജറാത്തില്‍ നടന്നത്
ഗുജറാത്തില്‍ നടന്നത് ഇതിനേക്കാള്‍ നാണിപ്പിക്കുന്ന സംഭവങ്ങളാണ്. പത്താംക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു ത്രികോണത്തിന്റെ രൂപമെന്താണറിയില്ലെങ്കിലും കണക്കുപരീക്ഷയുടെ ഒബ്ജക്ടീവ് പേപ്പറില്‍ 90 ശതമാനം മാര്‍ക്കുകിട്ടി. സബ്ജക്ടീവ് സെക്ഷനില്‍ പൂജ്യരായിരുന്നു എല്ലാവരും. പരീക്ഷ പാസായ ആര്‍ക്കും വൃത്തത്തിനുള്ളില്‍ ഒരു ത്രികോണം വരയ്ക്കാനറിയില്ലായിരുന്നു. ഒരാള്‍ ത്രികോണത്തിനു നാലു ഭുജങ്ങളുണ്ടെന്നു പറഞ്ഞു. മിക്കവര്‍ക്കും ഇരട്ടസംഖ്യകള്‍ കൂട്ടാനോ കുറയ്ക്കാനോ അറിയില്ല. ചിലര്‍ അറിയില്ലെന്നു തുറന്നുപറഞ്ഞു. ഗുജറാത്ത് സെക്കന്‍ഡറി ആന്‍്ഡ് ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ പരീക്ഷ എഴുതിയ കുട്ടികളുടെ സ്ഥിതിയാണിത്. വിവരമില്ലാത്ത കുട്ടികള്‍ക്ക് ഉയര്‍ന്നമാര്‍ക്ക് ലഭിച്ചത് വിവാദമായതോടെ പ്രത്യേക ഉദ്യോഗസ്ഥന്റെ കീഴില്‍ സംസ്ഥാനം അന്വേഷണം പ്രഖ്യാപിച്ചു. മെയ് 24നു ഫലപ്രഖ്യാപനംവന്ന പരീക്ഷയില്‍ ക്രമക്കേടു കണ്ടെത്തിയ 500 കുട്ടികളുടെ ഫലങ്ങള്‍ തടഞ്ഞു. സബര്‍കണ്ഡിലെ ലംബാദിയ, ആരവല്ലിയിലെ ചോയ്‌ല, ഛോട്ടാ ഉദയ്പൂരിലെ ഭികാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതായിരുന്നു ഈ വിദ്യാര്‍ഥികള്‍.
സര്‍ക്കാര്‍ സാമ്പത്തികസഹായമുള്ള ഈ സ്‌കൂളുകള്‍ക്ക് ജയശതമാനം കൂടുന്നതിനുസരിച്ചു സഹായവും കൂടും. അതുകൊണ്ടാണത്രെ കുട്ടികള്‍ ജയിച്ചുകയറിയത്. സി.സി.ടിവി ക്യാമറയില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നതൊന്നും കണ്ടെത്താനായില്ല. അന്വേഷണം വീണ്ടും മുന്നോട്ട്. ഒടുവില്‍ കുട്ടികള്‍ക്കു കണ്ടെത്താന്‍ അന്വേഷകര്‍ ഒരു ചോദ്യോത്തരപ്പരീക്ഷ നടത്തി. അതില്‍ കണ്ട ഉത്തരങ്ങള്‍ ഞെട്ടിച്ചു. സി.സി.ടിവി ക്യാമറയില്‍ പതിയാതെയിരിക്കാന്‍ അതിനു കീഴില്‍നിന്ന് അധ്യാപകര്‍ എല്ലാവര്‍ക്കുമായി ഉത്തരം പറഞ്ഞു കൊടുക്കുകയായിരുന്നു. ചില ഉത്തരങ്ങള്‍ ജനലിനപ്പുറത്ത് അശരീരി പോലെ മുഴങ്ങിയെന്നും കുട്ടികള്‍ പറഞ്ഞു.
രാജസ്ഥാനിലും സ്ഥിതി ദയനീയം
രാജസ്ഥാനില്‍ നടന്ന ബോര്‍ഡ് ഓഫ് സെക്കന്‍ഡറി പരീക്ഷയിലും സ്ഥിതി ദയനീയമായിരുന്നു. നൂറുശതമാനം ഇന്റേണല്‍ മാര്‍ക്കു ലഭിച്ച കുട്ടികള്‍പോലും പരീക്ഷയില്‍ തോറ്റു തുന്നംപാടി. നൂറുശതമാനം മാര്‍ക്കുലഭിച്ച പലകുട്ടികളും എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടി ജയിച്ചു.
സ്‌കൂളില്‍ കുട്ടികളുടെ ഹാജര്‍, പെരുമാറ്റം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ നല്‍കുന്ന 20 മാര്‍ക്ക് വിദ്യാര്‍ഥിക്ക് ജയിച്ചുകയറാന്‍ ധാരാളമാണ്. ഉദാഹരണത്തിന് ഇന്റേണലില്‍ 14ല്‍ 13 മാര്‍ക്കും പ്രാക്ടിക്കലില്‍ 30ല്‍ 27 മാര്‍ക്കും ലഭിച്ച കുട്ടി 56മാര്‍ക്കുണ്ടായിരുന്ന എഴുത്തുപരീക്ഷയ്ക്ക് പത്തുമാര്‍ക്കെങ്കിലും നേടിയാല്‍ ജയിക്കും.
സിബിഎസ്ഇയുടെ അയഞ്ഞ നിലപാടാണ് ഇങ്ങനെ കുട്ടികള്‍ ജയിച്ചുകയറാന്‍ കാരണമെന്നാണ് ആരോപണം. ഇന്റേണല്‍ മാര്‍ക്കില്ലായിരുന്നെങ്കില്‍ ജയശതമാനം 60ല്‍ താഴെവരുമെന്നാണു പറയുന്നത്. കുട്ടികളും അധ്യാപകരും തമ്മില്‍ കൂടുതല്‍ ബന്ധമുണ്ടാക്കുകയും കുട്ടികളെ വിഷയങ്ങളിലേയ്ക്കു കൂടുതല്‍ ആകര്‍ഷിക്കുകയുമാണ് ഇന്റേണല്‍ മാര്‍ക്കിന്റെ ലക്ഷ്യമെങ്കിലും അധ്യാപകരുടെ കൈയയച്ച സഹായം ഫലത്തില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണിവിടെ.
ഉത്തര്‍പ്രദേശിലെ തുടക്കം
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പത്താംക്ലാസ് പരീക്ഷയിലും 12ാം ക്ലാസ് പരീക്ഷയിലും വ്യാപകമായ കോപ്പിയടി നടന്നു. 57 കുട്ടികളെയും 14 അധ്യാപകരെയും ഇതുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തു. കോപ്പിയടി തടയാന്‍ വച്ച സി.സി. ടിവി ക്യാമറകള്‍ക്കുമുന്നിലാണ് അതൊന്നും വകവയ്ക്കാതെ അധ്യാപകരും വിദ്യാര്‍ഥികളും ഉത്തരക്കൈമാറ്റവും കോപ്പിയടിയും പറഞ്ഞുകൊടുക്കലും കേട്ടെഴുതലും നടത്തിയത്. കുട്ടികളുടെ ബന്ധുക്കളും സുഹൃത്തുക്കളും കെട്ടിടങ്ങള്‍ക്കുമുകളില്‍ വലിഞ്ഞുകയറി സണ്‍ഷെയ്ഡില്‍നിന്നു പുസ്തകം വായിച്ചുകൊടുക്കുന്നതും കോപ്പി എറിഞ്ഞുകൊടുക്കുന്നതും വിഡിയോ ദൃശ്യങ്ങളായി പ്രചരിച്ചിരുന്നു.
അള്‍ജീരിയയും ചൈനയും
കെനിയയും മാതൃകയാവട്ടെ
പരീക്ഷാക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ അള്‍ജീരിയ സാമൂഹ്യമാധ്യങ്ങള്‍ തടയുന്നു. പരീക്ഷാപേപ്പറുകളും ചോദ്യങ്ങളും പ്രചരിക്കുന്നതു തടയാനാണിത്. ഇതുപോലെ ഉഗാണ്ടയിലും കോംഗോയിലും നടപടികളുണ്ടായി. ചൈനയില്‍ പരീക്ഷാക്രമക്കേടു നടത്തുന്നതു ക്രിമിനല്‍ക്കുറ്റമാണ്. കുറ്റവാളികളായ വിദ്യാര്‍ഥികള്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷവരെ ലഭിക്കും. നമ്മുടെ എസ്.എസ്.എല്‍.സിക്കു സമാനമായ ജിയോചിയോ പരീക്ഷയ്ക്കു മെറ്റല്‍ഡിറ്റക്ടറുകളും മൊബൈല്‍ ജാമറുകളും ഡ്രോണ്‍ ക്യാമറകളുംവരെ ഉപയോഗിക്കപ്പെടുന്നുണ്ട്.
കെനിയയില്‍ പരീക്ഷാക്രമക്കേടു കണ്ടെത്തിയാല്‍ വിദ്യാര്‍ഥി പത്തുവര്‍ഷംവരെ തടവുശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് ഉഹുരു കെന്യാട്ട പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം കെനിയ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയില്‍ 70 ശതമാനം വിദ്യാര്‍ഥികളും ക്രമക്കേടു നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു കര്‍ശന നടപടി.
അമേരിക്കയിലെ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷാക്രമക്കേടു നടത്തിയതിന് 85 വിദ്യാര്‍ഥികള്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. തായ്‌ലന്‍ഡില്‍ സ്‌പൈമൂവി സ്‌റ്റൈല്‍ കാമറ ഘടിപ്പിച്ച കണ്ണടകള്‍വച്ചും സ്മാര്‍ട്ട് വാച്ചുപയോഗിച്ചും പരീക്ഷാക്രമക്കേടു നടത്തിയതിനു തായ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ പ്രവേശനപരീക്ഷ റദ്ദാക്കിയിരുന്നു. ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ സാഹിത്യചോരണത്തിനു (പ്ലേജിയാരിസം) യു.കെയില്‍ 50000 വിദ്യാര്‍ത്ഥികളെയാണു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."