കരുനാഗപ്പള്ളിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട: ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍
കരുനാഗപ്പള്ളി: നിരവധി ക്രിമിനല്‍ കേസുകളിലെയും കഞ്ചാവ്, ക്വട്ടേഷന്‍ കേസുകളിലെയും പ്രതി കൃഷ്ണപുരം കാപ്പില്‍ നല്ലേത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ റിയാസ്ഖാ(36)നെ കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഷാഡോ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
രണ്ടു ദിവസം മുമ്പ് തേവലക്കര പാലയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിയെ 50 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഷാഡോ എക്സൈസ് സംഘം ആവശ്യക്കാരെന്ന വ്യാജേന വിളിച്ച് ആവശ്യപ്പെട്ടതോടെ 800 ഗ്രാം കഞ്ചാവുമായി ഓച്ചിറ റീജന്‍സി ബാറിന്റെ മുന്‍വശത്തുള്ള കള്ളു ഷാപ്പിന്റെ സമീപത്ത് ഇയാള്‍ എത്തുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടു ബൈക്കുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥര്‍ മല്‍പ്പിടിത്തത്തിലൂടെ റിയാസ്ഖാനെ കീഴ്പ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന കാപ്പിലെ വാടക വീട്ടില്‍ നിന്നും 1.335 കി.ഗ്രാം കണ്ടെടുത്തു. മൊത്തം 2.135 കി.ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. തമിഴ്നാട്ടില്‍ തെങ്കാശി, കമ്പം എന്നിവിടങ്ങളില്‍ നിന്നും ആഴ്ചയില്‍ 10 കിലോയിലധികം കഞ്ചാവാണ് ഇയാള്‍ കടത്തിക്കൊണ്ടുവന്ന് ആലപ്പുഴ, കൊല്ലം ഭാഗങ്ങളില്‍ വില്‍ക്കുന്നത്. അതിരാവിലെ തുടങ്ങുന്ന കഞ്ചാവ് കച്ചവടം രാത്രി 11 വരെ നീളും. ഇയാള്‍ കസ്റ്റഡിയിലായ ശേഷം നൂറുകണക്കിന് ആവശ്യക്കാരാണ് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ മൂന്ന് മൊബൈലിലും വിളിച്ചു കൊണ്ടിരുന്നത്.
കായംകുളം എക്സൈസ് സ്റ്റേഷനിലും ആറന്മുള പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. കായംകുളം പൊലിസ് സ്റ്റേഷനില്‍ പൊലിസുകാരനെ ആക്രമിച്ചത്തിനും കാപ്പില്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും കഞ്ചാവ് കേസിലും ക്വട്ടേഷന്‍ കേസിലും കരുനാഗപ്പള്ളി, വള്ളികുന്നം പൊലിസ് സ്റ്റേഷനുകളിലും എട്ടോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മാവേലിക്കര തഴക്കര സ്വദേശിയെ ആക്രമിച്ച കേസില്‍ കോടതി രണ്ടു വര്‍ഷം ശിക്ഷിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശനത്തിനും വിലക്കുണ്ട്. ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ എം. സുരേഷ്കുമാര്‍, ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാര്‍, സജീവ്കുമാര്‍, അജയഘോഷ്, പ്രസാദ് എന്നിവരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."