വിക്കിലീക്‌സിനു വിവരം ചോര്‍ത്തിക്കൊടുത്ത സംഭവം: ചെല്‍സിയ മാനിങ് ജയില്‍ മോചിതയായി
വാഷിങ്ടണ്‍: വിക്കിലീക്‌സിനു വിവരം ചോര്‍ത്തിക്കൊടുത്ത മുന്‍ യു.എസ് സൈനിക ഉദ്യോഗസ്ഥ ജയില്‍ മോചിതയായി. യു.എസ് സൈന്യത്തില്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ആയിരുന്ന ചെല്‍സിയ മാനിങ് ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിന് യു.എസ് സൈനികകോടതിക്കു കീഴിലുള്ള ദുര്‍ഗുണ പരിഹാരപാഠശാലയില്‍ നിന്ന് പുറത്തിറങ്ങിയത്.
29കാരിയായ ചെല്‍സിയ മാനിങ് ഏഴുവര്‍ഷം മുന്‍പാണ് യു.എസ് സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തത്. വിഡിയോ, നയതന്ത്രരേഖകള്‍, യുദ്ധ വിവരങ്ങള്‍ തുടങ്ങിയ ഏഴു ലക്ഷത്തിലേറെ രഹസ്യവിവരങ്ങളാണ് ചോര്‍ത്തി നല്‍കിയത്. ഒക്‌ലഹോമ സ്വദേശിയായ മാനിങ് 2013ല്‍ ചാരപ്രവര്‍ത്തന വിരുദ്ധ നിയമ ലംഘനം, മോഷണം, കംപ്യൂട്ടര്‍ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുകയായിരുന്നു. ഇറാഖിലെ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തെത്തിക്കണമെന്ന് ലക്ഷ്യമിട്ടാണ് താന്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് 2014ല്‍ മാനിങ് വ്യക്തമാക്കിയിരുന്നു.
പദവി ഒഴിയുന്നതിനു തൊട്ടുമുന്‍പ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മാനിങ്ങിന്റെ 35 വര്‍ഷത്തെ തടവുശിക്ഷ ഏഴായി കുറച്ചിരുന്നു. ഇതിനെതിരേ അമേരിക്കയിലെ നയതന്ത്ര-സുരക്ഷാ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. മാനിങ്ങിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ കാംപയിന്‍ നടത്തുകയും സ്ത്രീലിംഗത്തിലേക്ക് മാറിയ മാനിങ്ങിനു പിന്തുണയുമായി അമേരിക്കയിലെ ഭിന്നലിംഗ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. മാനിങ്ങിനുനേരെ ജയിലില്‍ കടുത്ത പീഡനമുണ്ടായതായി അവരുടെ അഭിഭാഷകര്‍ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."