ആയുധ പരീക്ഷണം നിര്‍ത്തിയാല്‍ ഉ.കൊറിയുമായി ചര്‍ച്ചയെന്ന് യു.എസ്
യുനൈറ്റഡ് നാഷന്‍സ്: ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചാല്‍ ഉത്തര കൊറിയയുമായി ചര്‍ച്ചക്കു തയാറാണെന്ന് അമേരിക്ക. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെയാണ് നിലപാട് വ്യക്തമാക്കിയത്.
ചര്‍ച്ചക്ക് തങ്ങള്‍ തയാറാണ്. എന്നാല്‍ അതിനു മുന്‍പ് ഉ.കൊറിയ ആയുധ-ആണവ പരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണം. അല്ലെങ്കില്‍ ഉപരോധനീക്കങ്ങളെ കുറിച്ച് ആലോചിക്കും. അമേരിക്കയും ചൈനയും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയെടുക്കുമെന്ന് ആലോചിച്ചുവരികയാണെന്നും നിക്കി ഹാലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉ.കൊറിയക്കെതിരേ ഉപരോധമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.എന്‍ രക്ഷാസമിതി വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തിനെത്തിയതായിരുന്നു അവര്‍.
ഒരു ഇടവേളക്കുശേഷം കഴിഞ്ഞ ഞായറാഴ്ച ഉ.കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഉ.കൊറിയയുടെ ചരിത്രത്തില്‍ വിജയകരമായി പരീക്ഷണം നടത്തിയ ഏറ്റവും ദീര്‍ഘദൂര മിസൈലാണ് 15നു പരീക്ഷിച്ചത്. ഇതാണ് ഉ.കൊറിയക്കെതിരേ വീണ്ടും അന്താരാഷ്ട്രതലത്തില്‍ നീക്കം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."