അന്യായമായി ട്രിപ്പുകള്‍ റദ്ദാക്കുന്ന നടപടി കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കണം: കൊടിക്കുന്നില്‍
കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ അന്യായമായി റദ്ദാക്കി ട്രിപ്പ് മുടക്കുന്ന നടപടി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
യാത്രക്കാരെ വലയ്ക്കുന്ന കെ.എസ്.ആര്‍.ടി.സി മാനേജുമെന്റിന്റെ തലതിരിഞ്ഞ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി. യൂനിയനുകളും മാനേജുമെന്റും തമ്മിലുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കാരണം നിരപരാധികളായ യാത്രക്കാരെ വല്ലാതെ വലച്ചുക്കൊണ്ടിരിക്കുകയാണെന്നും എം.പി ആരോപിച്ചു.
അന്യായമായി ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയും നിര്‍ത്തലാക്കിയും ഒരു വശത്ത് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനും മറുവശത്ത് യാത്രക്കാരെ പെരുവഴിയിലാക്കാനുമാണ് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍ ശ്രമിക്കുന്നത്.
മാനേജിങ് ഡയരക്ടറെ കയറൂരി വിട്ട് യാത്രക്കാരെ കണ്ണീര് കുടിപ്പിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അധികഭാരമായി മാറിയിരിക്കുകയാണ്. ഇവിടെ ഒരു ഭരണമുണ്ടോയെന്നു പോലും തോന്നുന്ന തരത്തില്‍ സാധാരണക്കാരെ കൊള്ളയടിക്കുകയും അവരുടെ യാത്രാസൗകര്യം പോലും നിഷേധിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ ഭരണം ഉപേക്ഷിച്ചു പോകുന്നതാണ് നല്ലതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പരിഹസിച്ചു.
സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലണ്ടാകുന്ന ദുരിതങ്ങള്‍ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."