തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ യുവ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു.
തമിഴന് ടി.വിയുടെ ശ്രീപെരുമ്പത്തൂര്‍ ലേഖകന്‍ ജി. മോസസാണ്(26) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ അനധികൃത വില്പന സംബന്ധിച്ച് തുടര്‍ വാര്‍ത്തകള്‍ നല്‍കിയതാണ് കൃത്യത്തിന് പ്രേരണയെന്ന് പൊലിസ് പറഞ്ഞു. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ചിലര്‍ വിളിച്ചതനുസരിച്ച് മോസസ് വീട്ടില്‍നിന്ന് പുറത്തിറങ്ങിയത്. സുഹൃത്തുക്കളായിരിക്കുമെന്ന് കരുതി വീട്ടില്‍ നിന്നിറങ്ങി സമീപത്തെ തടാകത്തിനടുത്തേക്ക് നടന്നുപോയ മോസസിനെ ഒരു സംഘം ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്ന്ന് വെട്ടിവീഴ്ത്തി.
ബഹളം കേട്ട് വീട്ടുകാരും അയല്‍ക്കാരും എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. മോസസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. കാഞ്ചീപുരം ജില്ലാ പൊലിസ് സൂപ്രണ്ട് ഡി. ഷണ്മുഖ പ്രിയ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അട്ടൈ വെങ്കിടേശ്വരന്(18), നവമണി(26), വിഘ്നേഷ്(19), മനോജ്(19) എന്നിവരാണ് അറസ്റ്റിലായത്. സോമംഗലത്തിന് സമീപം നല്ലൂരില്‍ താമസിക്കുന്ന മോസസിന്റെ പിതാവ് യേശുദാസന് മലൈ തമിഴകം പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."