കാട്ടാക്കട താലൂക്ക് ആശുപത്രി; ആസ്ഥാന പദവിയില്ല
കാട്ടാക്കട: താലൂക്ക് ആസ്ഥാനത്തെ ആശുപത്രി വളര്‍ച്ചാ മുരടിപ്പില്‍. ഒരു താലൂക്ക് ആശുപത്രിയായ മാറേണ്ട കാട്ടാക്കട ആശുപത്രി സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രി മറ്റൊരിടത്തേക്ക് പോയതോടെ വെറും കമ്മ്യൂനിറ്റി സെന്ററായി മാറി. ഡോക്ടര്‍മാരില്ല, ജീവനക്കാരില്ല, കെട്ടിടമില്ല. ഇങ്ങനെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ പോലുമില്ലാതെ കാട്ടാക്കട സാമൂഹ്യാരോഗ്യകേന്ദ്രം കിതയ്ക്കുന്നതിനിടയിലാണ് താലൂക്ക് പദവി വന്നാല്‍ രക്ഷപ്പെടും എന്ന മോഹവും തീര്‍ന്നത്.
പ്രതിദിനം ആയിരത്തിലേറെ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ജില്ലയില്‍ 24 മണിക്കൂര്‍ ഡോക്ടര്‍ സേവനം ലഭിക്കുന്ന ആശുപത്രിയുടെ പട്ടികയിലാണ് ഇവിടെയുമെങ്കിലും ആവശ്യത്തിന് രാത്രിയില്‍ ഡോക്ടര്‍മാരില്ല എന്നതാണ് സത്യം. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയോ സിവില്‍ സര്‍ജന്റെയോ സേവനം ഇവിടെയില്ല. ഒരു മെഡിക്കല്‍ ഓഫിസറും എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുമുണ്ട്.
ഇവരെ ഉപയോഗിച്ചാണിപ്പോള്‍ 24 മണിക്കൂര്‍ സേവനം നല്‍കുന്നതായി പറയുന്നത്. സാമൂഹ്യരാരോഗ്യകേന്ദ്രത്തില്‍ ആറു കിടക്കയ്ക്ക് ഒരു നഴ്‌സ് വേണമെന്നാണ് വെയ്പ്. എന്നാല്‍, 40 പേരെ കിടത്തി ചികിത്സിക്കുന്ന ഇവിടെ ആകെയുള്ളത് രണ്ടു സ്ഥിരം നഴ്‌സുമാരാണ്. മൂന്ന് എന്‍.ആര്‍.എച്ച്.എം നഴ്‌സുമാരുടെ സേവനം പകലുമുണ്ടാകും. ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ്, നാല്, അറ്റന്‍ഡര്‍, മൂന്ന്, ലാബ് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, സ്വീപ്പര്‍ ഒന്നുവീതവും വേണമെന്നിരിക്കെ അഞ്ചിലേറെ ജീവനക്കാര്‍ സ്ഥലംമാറിപ്പോയിട്ട് പകരക്കാരെത്തിയിട്ടില്ല. കണ്ണിന്റെ പരിശോധനയ്ക്ക് ഒരു ഒപ്‌ട്രോമെട്രിസ്റ്റ് ആഴ്ചയില്‍ ഒരു ദിവസമെത്തിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ അത് മാസത്തില്‍ ഒരു ദിവസമാക്കി ചുരുക്കി. പലപ്പോഴും ഈ സേവനം രോഗികള്‍ക്ക് കിട്ടാറുമില്ല. അത്യാഹിത വിഭാഗവും പ്രസവസൗകര്യവും ഇല്ല. 2013 ഡിസംബറില്‍ കാട്ടാക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മതിയായ സൗകര്യങ്ങളോ, ഫണ്ടോ, ജീവനക്കാരെയോ ഏര്‍പ്പെ ടുത്താതെയായിരുന്നു പ്രഖ്യാപനം. കാട്ടാക്കട ആശുപത്രിക്ക് മൂന്ന് ഏക്കറിലേറെ സ്ഥലം ഉണ്ടായിരുന്നു. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ അത് ഒരേക്കറായി ചുരുങ്ങി. ഇപ്പോള്‍ അത് മുക്കാല്‍ ഏക്കര്‍ പോലുമില്ല. ആരും ചോദിക്കാനില്ലാത്തതിനാല്‍ ആശുപത്രി സ്ഥലം പലരും കയ്യേറി.
ആശുപത്രിക്ക് സ്വന്തമായി ഉള്ള സ്ഥലം ഏറ്റെടുക്കാനോ, അവിടെ കെട്ടിടങ്ങള്‍ പണിയാനോ തയാറാകുന്നില്ല. കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ നടത്തിയ നീക്കവും പാളിയതോടെ താലൂക്ക് ആശുപത്രി എന്നത് സ്വപ്നമായി മാറിയിരിക്കുകയാണ്. ആവശ്യത്തിന് സ്ഥലവും കെട്ടിടവും ഇല്ല എന്ന കാരണം പറഞ്ഞാണ് താലൂക്ക് പദവി ഇല്ലാതെയായത്. ആശുപത്രി മാലിന്യങ്ങള്‍ പരിസരത്തു തന്നെ കിടക്കുന്നതായി കാണാം.
അത് സമയത്തിന് നശിപ്പിക്കുന്നതിനോ ഒരു ശ്രമവും അധികൃതര്‍ ചെയ്യുന്നില്ല. ഇത് രോഗം ഉണ്ടാക്കുമെന്ന് ഭീതിയിലാണ് രോഗികള്‍. ഉപയോഗ ശൂന്യമായ സിറിഞ്ചുകളും മറ്റും ചിതറി കിടക്കുകയാണ്. കാട്ടാക്കട, പൂവച്ചല്‍, മാറനല്ലൂര്‍, കുറ്റിച്ചല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലുള്ളവരാണ് ചികിത്സതേടി കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ ഈ ആശുപത്രിയെ സമീപിക്കുന്നത്.
ആശുപത്രിയുടെ ശോചനീയവസ്ഥയും സ്ഥിതിഗതികളും അറിയാവുന്ന ജനപ്രതിനിധികള്‍ പോലും തിരിഞ്ഞുനോക്കാറില്ല. ഈ സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും അവഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."