പിരിവ് നടത്താന്‍ കഴിയാഞ്ഞ കരാറുകാരന് ഡിപ്പോസിറ്റ് തുക ഉടന്‍ കൊടുക്കേണ്ടതില്ലെന്ന്
കിളിമാനൂര്‍: കിളിമാനൂര്‍ മാര്‍ക്കറ്റിലെ 2017-18 വര്‍ഷത്തെ നികുതി പിരിവിനുള്ള അവകാശം ലേലം പിടിച്ച കരാറുകാരന്‍ അടയമണ്‍ സ്വദേശി ഗുരുദാസിന്റെ ഡിപ്പോസിറ്റ് തുക ഉടന്‍ മടക്കി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി. 2017-18 വര്‍ഷത്തെ കിളിമാനൂര്‍ പുതിയകാവിലെ പൊതു മാര്‍ക്കറ്റിലെ നികുതി പിരിക്കാനുള്ള അവകാശം അടയമണ്‍ തടത്തില്‍ ചരുവിള വീട്ടില്‍ ഗുരുദാസന്‍ ആണ് ലേലം പിടിച്ചത്.
ലേലത്തില്‍ പങ്കെടുക്കാന്‍ കെട്ടിവെച്ച ഒരു ലക്ഷം രൂപക്ക് പുറമെ 9,25,000 രൂപയും 20,00007 രൂപയുടെ സോള്‍വന്‍സിയും പഞ്ചായത്തിന് നല്‍കിയാണ് കരാറില്‍ ഒപ്പ് വെച്ചത്. മൂന്ന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ദിവസം പോലും പിരിവ് നടത്താന്‍ കഴിയാതെ തടസപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഗുരുദാസന്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് വിഷയത്തില്‍ മൗനം പാലിച്ചു. തുടര്‍ന്ന് കെട്ടിവെച്ച തുകയും സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റും മടക്കി നല്‍കി പുനര്‍ ലേലം നടത്തുകയോ, പഞ്ചായത്ത് നേരിട്ട് പിരിക്കുകയോ ചെയ്ത് കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുദാസന്‍ പഞ്ചായത്തില്‍ വീണ്ടും കത്ത് നല്‍കിയെങ്കിലും അതും പഞ്ചായത്ത് പരിഗണിച്ചില്ല.
ഇതോടെ മാര്‍ച്ച് 31 വരെയും ഗുരുദാസന് നികുതി പിരിക്കാനായില്ല. കാലാവധി കഴിഞ്ഞതോടെ പഞ്ചായത്ത് റവന്യൂ റിക്കവറിയുമായി മുന്നോട്ട് പോയി. ഇതിനെതിരേ ഗുരുദാസന്‍ സര്‍ക്കാരിനെ സമീപിക്കുകയും സര്‍ക്കാര്‍ റവന്യൂ റിക്കവറി താല്‍ക്കാലികമായി തടയുകയും വകുപ്പുതല വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഗുരുദാസന് കെട്ടിവെച്ച 10,25000 രൂപയും സോള്‍വന്‍സിയും മടക്കി നല്‍കാനും നിര്‍ദ്ദേശം നല്‍കി.
ഗുരുദാസന് തുകയും സോള്‍വന്‍സിയും മടക്കി നല്‍കണമെന്നുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പഴയകുന്നുമ്മല്‍ പഞ്ചായത്ത് സെക്രട്ടറി നടപ്പിലാക്കിയില്ല. ആ ഉത്തരവ് നടപ്പിലാക്കണമോ എന്ന് തീരുമാനിക്കാന്‍ ഇന്നലെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം പ്രസിഡന്റ് സിന്ധു വിളിച്ചു ചേര്‍ത്തിരുന്നു. ആ മീറ്റിങ്ങില്‍ കരാറുകാരന് ഉടന്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം പത്തേകാല്‍ ലക്ഷം ഡിപ്പോസിറ്റും സോള്‍വന്‍സിയും കൊടുക്കേണ്ടതില്ലെന്നും പത്തേകാല്‍ ലക്ഷവും മറ്റ് നഷ്ടങ്ങളും ആരില്‍നിന്ന് ഈടാക്കുമെന്ന് വ്യക്തതവരുത്തിയശേഷം കൊടുത്താല്‍ മതിയെന്നും സി.പി.എം ഭൂരിപക്ഷ അംഗങ്ങള്‍ തീരുമാനിച്ചു.
എന്നാല്‍ ഈ ഉത്തരവ് വ്യാജ ഉത്തരവാണന്ന് സംശയിക്കുന്നതായി സി.പി.ഐ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇത് മെയിലില്‍ വന്നതാണന്നും പറഞ്ഞ് ആരോപണം നിഷേധിച്ചു. കോണ്‍ഗ്രസിലെ രണ്ടു പേര്‍ നിഷ്പക്ഷത പാലിച്ചു. ഒരംഗം ഹാജരായില്ല. സി.പി.ഐയിലെ മൂന്ന് അംഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ത്തും ഡിപ്പോസിറ്റ് കൊടുക്കാതിരുന്ന സെക്രട്ടറിയുടെ നടപടി ശരി വെച്ചു. സ്വതന്ത്ര അംഗം ഗോവിന്ദന്‍ പോറ്റി സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ സെക്രട്ടറി ബാധ്യസ്ഥയാണെന്നും തുക മടക്കി നല്‍കണമെന്നും പഞ്ചായത്തിന് ഭീമമായ നഷ്ടം വരുത്തിയവരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മറ്റൊരു സ്വതന്ത്ര അംഗമായ ജാഫര്‍ കമ്മിറ്റിയില്‍ പങ്കെടുത്തില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളയാന്‍ പഞ്ചായത്ത്കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് വൈസ് പ്രസിഡന്റ് രാജേന്ദന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."